ആണ്ടിപ്പെട്ടി–തേനി പാതയിൽ ട്രെയിനിന്റെ അതിവേഗ പരീക്ഷണ ഓട്ടം വിജയകരം..
ഇടുക്കി ജില്ലയ്ക്കു പ്രതീക്ഷയേകുന്ന മധുര-ബോഡിനായ്ക്കന്നൂർ റെയിൽപാതയിൽ ആണ്ടിപ്പെട്ടി മുതൽ തേനി വരെയുള്ള ഭാഗത്തു ട്രെയിനിന്റെ അതിവേഗ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായി. ഇതിനു മുന്നോടിയായി മധ്യ റെയിൽവേ സുരക്ഷാ കമ്മിഷണർ മനോജ് അറോറയുടെ നേതൃത്വത്തിലുള്ള സംഘം പാളത്തിൽ പരിശോധന നടത്തിയിരുന്നു. 120 കിലോമീറ്റർ വേഗത്തിൽ 4 ബോഗികൾ ഘടിപ്പിച്ച ട്രെയിൻ കടന്നുപോയപ്പോൾ നാട്ടുകാർ ആവേശത്തോടെയാണു വരവേറ്റത്. മധുരയിൽ നിന്നു തേനി വരെ ഇനി ട്രെയിൻ സർവീസ് തുടങ്ങാൻ കഴിയും.
തേനിയിൽ നിന്നു ബോഡിനായ്ക്കന്നൂർ വരെയുള്ള 17 കിലോമീറ്റർ പാതയുടെ നിർമാണം പൂർത്തിയാകാനുണ്ട്. മധുരയിൽ നിന്നു ബോഡിനായ്ക്കന്നൂർ വരെ 91 കിലോമീറ്റർ ആണുള്ളത്. ഇതിൽ മധുര മുതൽ ആണ്ടിപ്പെട്ടി വരെയുള്ള 57 കിലോമീറ്റർ ഭാഗത്തെ ജോലികൾ പൂർത്തിയാക്കി നേരത്തേ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ആണ്ടിപ്പെട്ടി മുതൽ തേനി വരെയുള്ള 17 കിലോമീറ്റർ ഭാഗത്തെ പരീക്ഷണ ഓട്ടമാണു രണ്ടാംഘട്ടമായി ഇപ്പോൾ പൂർത്തിയാക്കിയത്.
മുൻപ് ഉണ്ടായിരുന്ന മീറ്റർഗേജ് ബ്രോഡ്ഗേജ് ആക്കുന്നതിന് 450 കോടി രൂപയാണു ചെലവഴിക്കുന്നത്. ഇതിനായി 2010 ഡിസംബർ 31നു മീറ്റർഗേജ് സർവീസ് നിർത്തി. ഈ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഇടുക്കി ജില്ലയിൽ ഹൈറേഞ്ച് മേഖലകളിലുള്ളവർക്ക് ഏറെ അനുഗ്രഹമായും. ഏലക്കാ, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ചരക്കുഗതാഗതവും സുഗമമാകും. ഈ പാത കേരള-തമിഴ്നാട് അതിർത്തിയായ ലോവർ ക്യാംപ് വരെ നീട്ടണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകളും മറ്റും രംഗത്തുണ്ട്