മുല്ലപ്പെരിയാര്‍ കേസിൽ കോടതിയെ വെല്ലുവിളിച്ചിട്ടില്ലെന്നു മന്ത്രി റോഷി അഗസ്റ്റിന്‍; തമിഴ്നാടുമായി ചര്‍ച്ച നടത്തി മുന്നോട്ട്’
തിരുവനന്തപുരം∙ മുല്ലപ്പെരിയാര്‍ കേസിൽ കോടതിയെ വെല്ലുവിളിച്ചിട്ടില്ലെന്നു മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങളുടെ സുരക്ഷയെപ്പറ്റിയുള്ള കരുതലാണു നയപ്രഖ്യാപനത്തിലുള്ളത്. കോടതിയെ അവഗണിക്കുന്ന ഒന്നും നയപ്രഖ്യാപനത്തിൽ ഇല്ല. ഉള്ളതു ജനങ്ങളോടുള്ള സർക്കാരിന്റെ കരുതൽ. ആരേയും വെല്ലുവിളിക്കുന്ന ഒന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ല. തർക്കം ഉണ്ടാകുന്ന സാഹചര്യമില്ല. തെറ്റിധാരണകൾ അവസാനിക്കും എന്നാണു പ്രതീക്ഷ. കേരളത്തിന്റെ ആശങ്കയാണു മുന്നോട്ടു വച്ചത്. തമിഴ്നാടുമായി ചർച്ച നടത്തി തന്നെ മുന്നോട്ടു പോകുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
അതേസമയം, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന കേരള നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗത്തെ ശക്തമായി എതിര്‍ത്തു തമിഴ്നാട് രംഗത്തെത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സുരക്ഷാ പ്രശ്നങ്ങളില്ലെന്നു സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയതാണ്. നയപ്രഖ്യാപന പ്രസംഗത്തിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗം സുപ്രീം കോടതി ഉത്തരവിനെ അവഹേളിക്കലാണ്. അണക്കെട്ട് സുരക്ഷിതമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ല.
പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ ഏകപക്ഷീയ നീക്കങ്ങളെ എതിര്‍ക്കുമെന്നും തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വരുന്ന സമയത്ത് നയപ്രഖ്യാപനത്തിലെ പരാമര്‍ശങ്ങളെ തമിഴ്നാട് കോടതിയില്‍ ഉന്നയിക്കുമെന്ന് ഉറപ്പായി.
English Summary : Minister Roshy Augustine responds to police announcement in Mullaperiyar issue