ഓപ്പറേഷന്‍ ഹലോ ടാക്‌സി; കള്ളടാക്‌സികളെ കുടുക്കാന്‍ നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്
അനധികൃതമായി ടാക്‌സികളായി സര്‍വീസ് നടത്തുന്ന വാഹനങ്ങളെ പിടികൂടാന്‍ മോട്ടോര്‍വാഹനവകുപ്പ് നടപടിതുടങ്ങി. ടാക്‌സി സംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ ഹലോടാക്‌സി എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 10 വാഹനമാണ് പാലക്കാട് ജില്ലയില്‍ ഇതുവരെ പിടികൂടിയത്. ഇവരില്‍നിന്ന് 60,000 രൂപ പിഴയീടാക്കി.
സംസ്ഥാനത്ത് എല്ലാ ജില്ലയിലും കേരള ടാക്‌സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെയുള്ള ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനകള്‍ കള്ളടാക്‌സികള്‍ സര്‍വീസ് നടത്തുന്നതായി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ എല്ലാ ആര്‍.ടി.ഒ.മാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് 10 വാഹനം പാലക്കാട്ട് പിടിച്ചത്.
ജില്ലയില്‍ മൂവായിരത്തിലേറെ വാഹനങ്ങള്‍ കള്ളടാക്‌സിയായി സര്‍വീസ് നടത്തുന്നുണ്ടെന്നാണ് വിവിധ സബ് ആര്‍.ടി.ഓഫീസുകളില്‍ കേരള ടാക്‌സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍ പരാതി നല്‍കിയത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടിപ്പോലും അനധികൃതമായി കാറുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും പരാതിയുയര്‍ന്നിരുന്നു.
പരാതി ലഭിച്ച വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ചിലത് വില്‍പന നടത്തി കൈമാറിയതാണെന്നും മറ്റ് ചിലത് ഉപയോഗിക്കാത്തവയാണെന്നും മറുപടി ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവക്കെതിരെ നടപടിക്കൊരുങ്ങുകയാണ് അധികൃതര്‍.
എന്നാല്‍, ഇത്തരം വാഹനങ്ങള്‍ അനധികൃത സര്‍വീസ് നടത്തുന്നതിനിടെ തെളിവ് സഹിതം പിടികൂടിയാല്‍ മാത്രമേ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാകൂവെന്നതാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രശ്‌നം. ഇത്തരത്തിലാണ് പത്ത് വാഹനങ്ങള്‍ പിടികൂടാനായത്.
Content Highlights: Operation Hello Taxi by MVD Kerala to caught illegal taxi service, MVD Kerala