ലോട്ടറി നമ്പർ തിരുത്തി 80,000 തട്ടി; പ്രതി പിടിയിൽ;അറസ്റ്റിലേക്ക് നയിച്ചത് നിരീക്ഷണ ക്യാമറ ദൃശ്യം
അടിമാലി ∙ ലോട്ടറി നമ്പർ തിരുത്തി സമ്മാനാർഹമായ ടിക്കറ്റെന്നു വിശ്വസിപ്പിച്ച് ലോട്ടറി വിൽപനക്കാരിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ വണ്ണപ്പുറം ചെറിയാംകുന്നേൽ ജയഘോഷ് (42) അറസ്റ്റിലായി. അടിമാലി, വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു ദിവസം മാത്രം 80,000 രൂപയുടെ തട്ടിപ്പാണ് പ്രതി നടത്തിയത്.19 ന് നറുക്കെടുപ്പ് നടന്ന അക്ഷയ ലോട്ടറിയുടെ 5,000 രൂപയുടെ സമ്മാന നമ്പർ തിരുത്തിയാണ് തട്ടിപ്പ്.
20ന് രാവിലെ അടിമാലി ടൗണിൽ എത്തിയ ഇയാൾ ലോട്ടറി വിൽപന നടത്തി വരുന്ന സാറാമ്മ ബേബിയിൽ നിന്ന് തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി 5000 രൂപ തട്ടിയെടുത്തു. 3000 രൂപ ആയിട്ടും 2000 രൂപയുടെ പുതിയ ടിക്കറ്റും ആണ് സാറാമ്മയ്ക്ക് നഷ്ടമായത്. തുടർന്ന് കല്ലാറിൽ കാണ്ടിയംപാറ സ്വദേശി ശ്രീകുമാറിനെ (62) തിരുത്തിയ ലോട്ടറി നൽകി 4500 രൂപയും 500 രൂപയുടെ ടിക്കറ്റും വാങ്ങി മുങ്ങി. അടിമാലിയിലെ ലോട്ടറി വിൽപനക്കാരനായ ജോയിയെ കബിളിപ്പിച്ച് 5000 രൂപ തട്ടിയെടുത്തു.
സമാന രീതിയിൽ വെള്ളത്തൂവൽ ആനച്ചാൽ എന്നിവിടങ്ങളിലും തട്ടിപ്പ് നടത്തി. പണിക്കൻ കടിയിൽ നിന്ന് മാത്രം 9 വ്യാജ ടിക്കറ്റുകൾ നൽകി 45,000 രൂപയും കമ്പിളിക്കണ്ടത്തു നിന്ന് 10, 000 രൂപയുമാണ് തട്ടിയെടുത്തത്. ഒറ്റ ദിവസം കൊണ്ട് 80,000 രൂപയാണ് തട്ടിയെടുത്തത്. ഇതു സംബന്ധിച്ച് സാറാമ്മയും മറ്റും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച രാത്രി പൈങ്ങോട്ടൂരിൽ നിന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലേക്ക് നയിച്ചത് നിരീക്ഷണ ക്യാമറ ദൃശ്യം
വ്യാഴാഴ്ച രാവിലെ ടൗണിൽ നാരായണി സ്റ്റോഴ്സിന് മുൻപിൽ വച്ചാണ് സാറാമ്മയുടെ പക്കൽ നിന്ന് പണം തട്ടിയത്.ടിക്കറ്റ് നമ്പറിൽ സംശയം തോന്നിയ സാറാമ്മ ഏജന്റിന്റെ പക്കൽ ലോട്ടറി എത്തിച്ചു. വ്യാജമാണെന്ന് കണ്ടെത്തിയതോടെ പൊലീസിൽ പരാതി നൽകി. ഇതോടെ പൊലീസ് സ്ഥലത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടൊപ്പം ഇയാൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പർ സാറാമ്മ പൊലീസിന് നൽകുകയുമായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. 453432 എന്ന നമ്പർ 453132 എന്നു തിരുത്തിയായിരുന്നുതട്ടിപ്പ് . 4 എന്ന അക്കം തിരുത്തി 1 എന്നാക്കി മാറ്റുകയായിരുന്നു.സ്ത്രീകളെയും വയോധികരെയും തിരഞ്ഞു പിടിച്ചാണ് തട്ടിപ്പ് നടത്തിയത്. സമാനമായ തട്ടിപ്പുകൾക്ക് വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് ഉള്ളതായി പൊലീസ് പറഞ്ഞു. അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.