11 ലക്ഷം കുടിശ്ശിക : കണക്ഷൻ വിഛേദിച്ച് കെഎസ്ഇബി

കട്ടപ്പന: ഭീമമായ ബിൽ കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്ന് കല്ലുകുന്ന് കുടിവെള്ള പദ്ധതിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി . കട്ടപ്പന മുനിസിപ്പാലിറ്റിയും കേരള വാട്ടർ അതോറിറ്റിയും തമ്മിലുള്ള തർക്കത്തെതുടർന്ന് കുടിവെളളം മുട്ടിയത് നൂറുകണക്കിന് കുടുംബങ്ങൾക്ക് . പലതവണ മുൻസിപ്പാലിറ്റിക്ക് നോട്ടീസ് നൽകിയിട്ടും തുക അടക്കുകയോ, തവണ അപേക്ഷ സമർപ്പിക്കുകയോ ചെയ്യാതെ ഭരണസമിതി ഒഴിഞ്ഞുമാറുകയായിരുന്നു.ജനുവരി 12ന് കണക്ഷൻ വി ഛേദിക്കുമെന്ന് അറിയിച്ച് അന്തിമ നോട്ടീസ് നൽകിയിട്ടും രേഖാമൂലം മറുപടി മുൻസിപ്പൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ വന്നതിനെ തുടർന്നാണ് കണക്ഷൻ വിച്ഛേദിക്കേണ്ടി വന്നതെന്ന് കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ വ്യക്തമാക്കി .
കഴിഞ്ഞ നവംബർ 20ന് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽകൂടിയ യോഗതീരുമാനം നിലവിലെ കുടിശ്ശിക മുൻസിപ്പാലിറ്റി അടച്ച് പദ്ധതി വാട്ടർ അതോറിറ്റിക്ക് കൈമാറുക എന്നതായിരുന്നു. എന്നാൽ മുൻസിപ്പൽ ഭരണസമിതി ഇത് നടപ്പാക്കാൻ കൂട്ടാക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാൽ കുടിശ്ശിക പിരിക്കാതെ നിർവാഹമില്ലെന്ന് കെഎസ്ഇബി അധികൃതരും പറയുന്നു.
ഫലത്തിൽ കുടിവെള്ളം മുട്ടിയ ജനം പൊറുതി മുട്ടുന്ന സ്ഥിതിയാണ് ഉണ്ടായത്.