ഇന്ന് തൈപൊങ്കൽ ; തമിഴ്നാടിനു കാർഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും കാലം
മറയൂർ : ഇന്ന് തൈ മാസം ഒന്ന്, പൊങ്കൽ. മലയാളികൾക്ക് ഓണം ദേശീയോത്സവമാണെങ്കിൽ തമിഴ്നാടിന്റ ദേശീയോത്സവം തൈപൊങ്കൽ ആണ്. 5 ദിവസം ഉത്സവം നീണ്ടുനിൽക്കുന്നതാണ്. തമിഴ്നാട്ടിൽ ഇതു കാർഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും കാലമാണ്. അതിരാവിലെ സൂര്യനുദിക്കുമ്പോൾ കിഴക്കോട്ട് നോക്കി, മുറ്റത്തു കൂട്ടിയ അടുപ്പിൽ മൺപാത്രത്തിൽ വെള്ളവും പാലും ഒഴിച്ച് അതു തിളച്ച് വീഴുന്നതിനെയാണ് പൊങ്കൽ എന്നു പറയുന്നത്.നല്ല വിളകൾക്ക് സഹായിച്ച ഭൂമി, സൂര്യൻ, കൃഷിയിറക്കുമ്പോൾ അധ്വാനത്തിന് സഹായിയായ കാള, പശുക്കൾ എന്നിവർക്ക് നന്ദി അറിയിക്കുന്നത് ഉത്സവത്തിന്റെ ഭാഗമാണ്. അതിനായി ആദ്യ ദിനം വിളയിച്ചെടുത്ത നെല്ലിൽ പൊങ്കാലയിട്ട് സൂര്യ നമസ്‌കാരവും ചെയ്യും.
രണ്ടാം ദിവസം, കാളകൾക്ക് ആരോഗ്യം നൽകണമെന്ന പ്രാർഥനയോടെ കാളകളെ കുളിപ്പിച്ച്, തൊഴുത്ത് അലങ്കരിച്ച് തൊഴുത്തിന്റെ മുറ്റത്ത് പൊങ്കാലയിടുന്നു. മൂന്നാം ദിവസം വീടുകളിൽ വയ്ക്കുന്നതാണ് കാണുംപൊങ്കൽ. നാലാം ദിവസം ഗ്രാമവാസികൾ ഒരുമിച്ച് ഇന്ദ്രവിഴ എന്ന പേരിൽ തെരുവുകളിൽ പൊങ്കലിട്ട് എല്ലാവർക്കും വിതരണം ചെയ്യും. പൊങ്കലിന് അരി ശർക്കരയും കരിമ്പും മഞ്ഞളും മറ്റ് ധാന്യങ്ങളും വച്ചാണ് പൂജകൾ നടത്തുന്നത്.