നിർമ്മാണം ആരംഭിച്ച് 9 വർഷങ്ങൾ : പ്രവർത്തനാരംഭം കാത്ത് തൊടുപുഴ കെഎസ്ആർടിസി ഡിപ്പോ
തൊടുപുഴ∙ തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് ഇന്ന് 9 വർഷം. 2013 ജനുവരി 10ന് ആണ് ആദ്യം ഡിപ്പോയുടെ പൈലിങ് ജോലികൾ ആരംഭിച്ചത്. 2 വർഷം കൊണ്ട് നിർമാണം പൂർത്തീകരിച്ച് ഡിപ്പോ തുറന്നു കൊടുക്കുമെന്ന് അന്നത്തെ ഗതാഗത വകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎയും കെഎസ്ആർടിസി അധികൃതരും 2012 ഒക്ടോബറിൽ നടന്ന ഡിപ്പോയുടെ നിർമാണ ഉദ്ഘാടന വേദിയിൽ പ്രഖ്യാപിച്ചതാണ്. ഡിപ്പോയുടെ പ്രവർത്തനം താൽക്കാലികമായി നഗരസഭയുടെ ലോറി സ്റ്റാൻഡിലേക്ക് മാറ്റുകയും ചെയ്തു.എന്നാൽ ഉദ്ഘാടന തീയതി സംബന്ധിച്ച് അധികൃതർ ഒട്ടേറെ തവണ നൽകിയ എല്ലാ ഉറപ്പുകളും തുടർച്ചയായി ലംഘിക്കപ്പെട്ടു. 9 വർഷം കഴിഞ്ഞിട്ടും ഡിപ്പോ എന്നു തുറന്നു കൊടുക്കാൻ കഴിയും എന്ന കാര്യത്തിൽ ഒരു തീരുമാനവും പറയാൻ അധികൃതർക്ക് ഇപ്പോഴും കഴിയുന്നില്ല. ഇപ്പോൾ ഡിപ്പോയുടെ അവസാന ഘട്ട പണികൾ പുരോഗമിക്കുകയാണ് എന്നാണ് അധികൃതർ പറയുന്നത്.
ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം ഒക്ടോബർ 2ന് ഗാന്ധി ജയന്തി ദിനത്തിൽ ഡിപ്പോ തുറന്നു കൊടുക്കുമെന്ന് ഇപ്പോഴത്തെ വകുപ്പ് മന്ത്രിയും എംഎൽഎയും പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് ഡിസംബർ ആദ്യമെന്നായി. വീണ്ടും ഡിസംബർ അവസാനം ഉദ്ഘാടനം എന്നു കട്ടായം പറഞ്ഞു. ഇപ്പോൾ പുതിയ വർഷം എത്തിയതോടെ ഇനി എന്ന് ഉദ്ഘാടനം എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.9 വർഷമായി ലോറി സ്റ്റാൻഡിലെ ഡിപ്പോയിൽ ദുരിതം പേറുന്ന ജീവനക്കാരും യാത്രക്കാരും പുതിയ ഡിപ്പോയിലേക്ക് ബസ് സ്റ്റേഷൻ മാറ്റുന്നത് സ്വപ്നം കണ്ട് കഴിയുന്നത് അല്ലാതെ ഇതിന് ഒരു തീരുമാനവും ഉണ്ടാകുന്നില്ല. ഡിപ്പോ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പുതിയ ഏതാനും സർവീസുകളും ആരംഭിക്കുമെന്ന് അധികൃതർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും എന്ന് ഡിപ്പോ തുറക്കുമോ എന്നതിനു തീരുമാനം ഇല്ല.