കട്ടപ്പനയിൽ സ്നേഹ നിലാവ് 2022 -ചലച്ചിത്ര സംഗീത നിശ നടത്തപ്പെടുന്നു
കട്ടപ്പന: സിംഗിങ്ങ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ (സാ)ഇടുക്കി ജില്ലാ കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ ജനുവരി മാസം ഇരുപത്തിരണ്ടാം തീയതി കട്ടപ്പനയിൽ സ്നേഹ നിലാവ് 2022 -ചലച്ചിത്ര സംഗീത നിശ നടത്തപ്പെടുന്നു. പ്രശസ്ത പിന്നണി ഗായകരായ സുദീപ് കുമാർ, ഡോ.വൈക്കം വിജയലക്ഷ്മി, അശ്വതി വിജയൻ,ഫ്ലവഴ്സ് ടിവി ടോപ് സിങ്ങർ ഫെയിം ആവണി പി ഹരീഷ്, എന്നിവരുടെ നേതൃത്വത്തിൽ കട്ടപ്പന സി എസ് ഐ ഗാർഡനിൽ വൈകിട്ട് 7 മണിക്കാണ് സംഗീത പരിപാടി.
സംഗീത നിശയ്ക്ക് മുന്നോടിയായി നടത്തപ്പെടുന്ന സാംസ്‌കാരിക സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, കൂടാതെ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജില്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. സംഗീത നിശയുമായി ബന്ധപ്പെട്ട സമ്മാന കൂപ്പൺ പ്രസ്സ് ക്ലബ് പ്രസിഡൻറ് ഖജൻ ജി എന്നിവർ പ്രകാശനം ചെയ്തു.
കഴിഞ്ഞ നാലു വർഷകാലമായി കേരളത്തിലെമ്പാടും പ്രവർത്തിച്ചു വരുന്ന ‘സാ’ ഇടുക്കി ജില്ലയിൽ മാത്രം ഏഴരലക്ഷത്തിലധികം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിഞ്ഞിട്ടിട്ടുണ്ട്. കോവിഡ് മൂലം അതീവ പ്രതിസന്ധിയിലായ കലാകാരന്മാരുടെ വിവിധ ക്ഷേമത്തിനായുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായ്, കോവിഡ് സാഹചര്യം മൂലം സാമ്പത്തികമായും മാനസികമായും തകർന്ന അവസ്ഥയിൽ നിന്ന് കലാകാരൻമാർക്ക് കഴിയും വിധം സഹായമെത്തിക്കുക എന്നതാണ് ഇതിന്റെ പ്രഥമ ലക്ഷ്യം. സീസൺ പ്രോഗ്രാമുകൾ നിലച്ചതും മറ്റു ജോലികളുടെ അഭാവവും കലാകാരന്മാരെ കടക്കണിയിലേക്ക് തള്ളിയിട്ടിരിക്കുന്നു. സംഗീത, വാദ്യ ഉപകരണങ്ങൾ, സാങ്കേതിക ഉപകരണങ്ങൾ ഇവയ്ക്കായുള്ള ഭീമമായ ലോണുകളടക്കം നിത്യജീവിതത്തിലെ തിരിച്ചടവുകളും , പൊതുവായുള്ള ഉയർന്ന ജീവിത ചെലവുമെല്ലാം കലാ മേഖലയെ അത്യന്തം ദുഷ്കരമായ സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നു.
ഈ സാഹചര്യത്തിലാണ്, കലാകാരന്മാരുടെ ഉന്നമനം ലക്ഷ്യമാക്കി ഇത്തരമൊരു പ്രവർ ത്തനത്തിന് ‘സാ’ ഇടുക്കി ജില്ല കമ്മിറ്റി മുന്നിട്ടിറങ്ങുന്നത്.
കലാകാരന്മാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കാവശ്യമായ തുക കണ്ടെത്തുന്നതിനായി, വിറ്റഴിച്ച സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പും സംഗീത പരിപാടിയോട് അനുബന്ധിച്ചു നടക്കുമെന്ന് ” സാ”ഇടുക്കി ജില്ല പ്രസിഡന്റ് ജയൻ കലസാഗർ, സെക്രട്ടറി ശ്രീജിത്ത് ഭരതൻ,സംസ്ഥാന കമ്മിറ്റി അംഗം രഘുറാം,വൈസ് പ്രസിഡന്റുമാരായ ശ്രീകാന്ത്, മനോജ് എസ്. കെ ജോയിന്റ് സെക്രട്ടറി അശ്വതി അരുൺകുമാർ, ജില്ല പി ആർ ഒ അനാസ്ഖാൻ തുടങ്ങിയവർ വാർത്താസമ്മേളന ത്തിൽ അറിയിച്ചു.