മദ്യാസക്തിയെ കൃഷികൊണ്ട് കീഴടക്കി അണക്കരയ ചക്കുപള്ളം സ്വദേശി ജോൺസൺ 20 സെന്റിൽനിന്ന് ഒന്നര ഏക്കർ സ്ഥലവും സ്വന്തം
മദ്യാസക്തിയെ കൃഷികൊണ്ട് കീഴടക്കി അണക്കരയ ചക്കുപള്ളം സ്വദേശി ജോൺസൺ 20 സെന്റിൽനിന്ന് ഒന്നര ഏക്കർ സ്ഥലവും സ്വന്തം……
മേലിൽ മദ്യം കഴിക്കില്ലെന്ന ഉറച്ച തീരുമാനവുമായി ലോഡിങ് തൊഴിലിനു രാവിലെ വീട്ടിൽ നിന്നിറങ്ങും. ആദ്യം കാണുന്ന മദ്യക്കട പക്ഷേ മാടി വിളിക്കും. 10 വർഷം മുൻപുവരെ തന്റെ എല്ലാ ദിനങ്ങളും ഇങ്ങനെയായിരുന്നു എന്നു പറയാൻ അണക്കര ചക്കുപള്ളം സ്വദേശി ജോൺസണ് മടിയില്ല. മദ്യപൻ എന്ന മേൽവിലാസം മായ്ച്ചുകളയാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട് അക്കാലത്ത് ജോൺസൺ. ഒന്നും ഫലിച്ചില്ല.
പണി ചെയ്തു കിട്ടുന്നതില്‍ നല്ല പങ്കും ലഹരി അപഹരിക്കും. ഭാര്യ ഫിലോമിന ഏലത്തോട്ടത്തിൽ ജോലിക്കു പോകുന്നതിന്റെകൂടി ബലത്തിലാണ് രണ്ടു മക്കൾകൂടി ഉൾപ്പെടുന്ന കുടുംബം മുന്നോട്ടുപോയത്. ആകെയുള്ളത് ചെറിയൊരു വീടും 20 സെന്റ് സ്ഥലവും. മദ്യപാനം ജീവിതത്തിന്റെ താളം തീർത്തും തെറ്റിച്ചുവെന്നു ബോധ്യമായ ഒരു ദിവസം ജോൺസൺ തീരുമാനിച്ചു, ‘ഇങ്ങനെ പോയാൽ പറ്റില്ല.
പിറ്റേ പ്രഭാതത്തിൽ ഇനി മദ്യപിക്കില്ല എന്ന ഉറച്ച തീരുമാനുവുമായി ജോൺസൺ വീട്ടിലിരുന്നു. പ്രലോഭനങ്ങളെ ചെറുക്കാൻ തൂമ്പയെടുത്ത് പുരയിടത്തിലേക്കിറങ്ങി. ദിവസങ്ങൾക്കുള്ളിൽ ഒരു പശുവിനെയും വാങ്ങി. ഏലത്തോട്ടത്തിലെ ജോലിയുപേക്ഷിച്ച് ഭാര്യ ഫിലോമിനയും ജോൺസണൊപ്പം കൃഷിക്കിറങ്ങി. വർഷങ്ങൾക്കിപ്പുറം ഇന്ന് ചക്കുപള്ളത്തെ മുൻനിര കൃഷിക്കാരിലൊരാളാണ് ജോൺസൺ. പുരയിടത്തിലെ 20 സെന്റിൽ വിളഞ്ഞുനിൽക്കുന്ന എൺപതോളം ഏലച്ചെടികൾ. വീടിനോടു ചേർന്നുള്ള കൂട്ടിൽ ഇരുപതോളം ആടുകൾ. തൊഴുത്തിൽ മൂന്നു പശുക്കൾ.
തീർന്നില്ല, 10 വർഷത്തിനുള്ളിൽ പണിയെടുത്ത് ഒന്നരയേക്കർ ഭൂമിയും സ്വന്തമാക്കി ജോൺസൺ. കാര്യമായ ആദായമില്ലാതെ കിടന്ന ആ ഒന്നരയേക്കറിലിന്നു വിളവെത്തിയ എഴുനൂറിലേറെ കുരുമുളകുചെടികൾ, ഇടവിളയായി കാപ്പി. ഒപ്പം, 3 ഏക്കർ ഭൂമി ദീർഘകാല പാട്ടത്തിനെടുത്ത് പുൽക്കൃഷിയും വാഴക്കൃഷിയും.
ഈയിടെവരെ വിപുലമായി ചെയ്തിരുന്ന പച്ചക്കറിക്കൃഷി വിട്ട് ദീർഘകാല വിളകളിലും മൃഗസംരക്ഷണത്തിലുമാണിപ്പോൾ ശ്രദ്ധ. മലബാറി, ബീറ്റൽ ക്രോസ് ഇനങ്ങളിലായുള്ള ആടുകളെ പരിപാലിക്കുന്നത് ഇറച്ചിത്തൂക്കത്തിനു വിൽക്കാൻ. തൂക്കമെത്തുന്നതിനെ ഇറച്ചിയാക്കി കിലോയ്ക്ക് 700 രൂപയ്ക്കു വിൽക്കുന്നത് മികച്ച നേട്ടമെന്നു ജോൺസൺ. മാസം രണ്ടെണ്ണത്തിനെയെങ്കിലും ഈ രീതിയിൽ വിൽക്കും.
കാപ്പിയും കുരുമുളകും ഏലവും പോലുള്ള ഇനങ്ങളിൽനിന്ന് വർഷത്തിൽ ഒറ്റത്തവണയേ വരുമാനം ലഭിക്കൂ. ഇടവരുമാനത്തിനുള്ള വഴിയാണ് ഞാലിപ്പൂവൻകൃഷി. പാട്ടത്തിനെടുത്ത സ്ഥലത്ത് ഒന്നരയേക്കറില്‍ ഏഴുന്നൂറോളം ഞാലിപ്പൂവൻ വിളവെടുപ്പിനൊരുങ്ങുന്നു. വാഴയിനങ്ങളിൽ ഏറ്റവും ആദായകരം ഞാലിപ്പൂവനെന്നു ജോൺസൺ. മിതമായ പരിപാലനം മതി. കിലോയ്ക്ക് 30 രൂപയില്‍ കുറയാറില്ല. കന്നിൽനിന്നു മുളയ്ക്കുന്ന പുതിയ തൈകൾക്കു മണ്ണ് കേറ്റിക്കൊടുത്ത് ഒറ്റത്തവണ കൃഷിയുടെ തുടർച്ചയായി നാലഞ്ചു കൊല്ലത്തേക്കു കുല വെട്ടാം.
ഒന്നരയേക്കറിൽ സിഒ3 പുൽകൃഷിയും കറുകപ്പുല്ലും സമൃദ്ധമായുള്ളതിനാൽ പശുവിനും ആടിനും തീറ്റ തേടി അലയേണ്ട. നാണ്യവിളകൾ പൊതുവെ വിലയിടിവു നേരിടുന്നുണ്ടെങ്കിലും വ്യത്യസ്ത വിളകളും മൃഗസമ്പത്തും ചേർന്നുള്ള സമ്മിശ്രക്കൃഷിയായതുകൊണ്ട് വരുമാനത്തിന് മുട്ടില്ലെന്ന് ജോൺസൺ.
‘മദ്യപാനം നിർത്തി തൂമ്പയെടുത്ത് മണ്ണിലിറങ്ങിയ ആദ്യ ദിവസം തന്നെ മനസ്സിലായി മദ്യം നൽകുന്നതിനെക്കാൾ എത്രയോ ഇരട്ടി ആനന്ദമാണ് മണ്ണിൽപ്പണിയെടുക്കുമ്പോൾ ലഭിക്കുന്നതെന്ന്. നമ്മള്‍ നട്ടുവളർത്തിയ ചെടികൾ പൂക്കുന്നത്, കായ്ക്കുന്നത്, നമ്മള്‍ പരിപാലിക്കുന്ന ആടുകളും പശുക്കളുമൊക്കെ മുട്ടിയുരുമ്മി നിൽക്കുന്നത്, ആഹാരം കൊടുക്കുമ്പോൾ നന്ദിയോടെ തലയാട്ടുന്നത്, അതൊക്കെ എത്രയോ സന്തോഷകരമാണ്. വെള്ളമടിച്ച് അലമ്പായി നടക്കുന്നവർക്ക് ഇതു വല്ലതും അറിയാമോ’, ചിരിയോടെ ജോൺസൺ ചോദിക്കുന്നു. അതെ, ജോൺസണിപ്പോൾ ലഹരിയിലാണ്; കൃഷിയുടെ ലഹരിയിൽ.