പഠ്നാ ലിഖ്നാ അഭിയാൻ ; പ്രവേശനോത്സവം ഇന്ന് ചക്കുപള്ളത്ത് ഉദ്ഘാടനം ചെയ്യും
‘
കട്ടപ്പന : കേന്ദ്രാവിഷ്കൃത പദ്ധതിയായ പഠ്നാ ലിഖ്നാ അഭിയാന്റെ ഭാഗമായി ജില്ലയിൽ നടത്തിയ സർവ്വേ വഴി കണ്ടെത്തിയ സാക്ഷരതാ പഠിതാക്കൾ ഇന്ന് ആദ്യാക്ഷരം കുറിക്കും.രാവിലെ 10 മണിക്ക് ചക്കുപള്ളം ട്രൈബൽ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ ഫിലിപ്പ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. കെ രാമചന്ദ്രൻ അധ്യക്ഷനാകും.തുടർന്ന് മുതിർന്ന പഠിതാക്കൾ ചേർന്ന് അക്ഷരദീപം തെളിയിക്കും.ഇടുക്കി ഉൾപ്പെടെ സംസ്ഥാനത്തെ 5 ജില്ലകളിലാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങൾ വഴി പദ്ധതി നടപ്പിലാക്കുന്നത്. പ്രത്യേക സർവ്വേ വഴി ഏഴായിരം പട്ടികവർഗ്ഗ വിഭാഗം പഠിതാക്കളെയും ,പട്ടികജാതി വിഭാഗത്തിൽ നിന്ന് അയ്യായിരം പേരെയും ന്യൂനപക്ഷ -പിന്നാക്ക വിഭാഗങ്ങളിൽ നിന്നും, പൊതു വിഭാഗത്തിൽ നിന്നുമായി 8000 പേരെയും ജില്ലയിൽ കണ്ടെത്തിയിരുന്നു.15 വയസിന് മുകളിൽ പ്രായമുള്ള 20,000 നിരക്ഷരരാണ് ഇതു വരെ ജില്ലയിൽ പഠ്നാ ലിഖ്നാ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.2022 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. പഠിതാക്കളുടെ വിവരശേഖരണ സർവ്വേ പ്രവർത്തനങ്ങൾഅന്തിമഘട്ടത്തിലാണ്.സർവ്വേ പൂർത്തിയാകുന്നതോടെ പഠിതാക്കളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിൽ കടക്കുമെന്ന് സാക്ഷരതാ മിഷൻ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ പി.എം അബ്ദുൾ കരീം പറഞ്ഞു. ഇടുക്കിക്ക് പുറമേ തിരുവനന്തപുരം, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നിലവിൽ ഈ പദ്ധതിയുള്ളത്. ചക്കുപള്ളത്ത് നടക്കുന്ന ചടങ്ങിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ഭാരവാഹികളും റിസോഴ്‌സ് പേഴ്സൻമാരും വിവിധ സർക്കാർ വകുപ്പ് പ്രതിനിധികളും പങ്കെടുക്കും…