3 പേർക്കുകൂടി ഒമിക്രോൺ; കേരളത്തിൽ ആകെ രോഗബാധിതർ 11
സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്തെത്തിയ രണ്ടു പേര്‍ക്കും (17), (44), തൃശൂര്‍ സ്വദേശിനിക്കുമാണ് (49) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 11 ആയി. നേരത്തേ മലപ്പുറത്തെത്തിയ ഒരാള്‍ക്കും (37) രോഗം സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരത്ത് എത്തിയ 17 വയസ്സുകാരന് യുകെയില്‍നിന്നും 44കാരന് ടുണീസിയയില്‍നിന്നും മലപ്പുറം സ്വദേശി ടാന്‍സാനിയയില്‍നിന്നും തൃശൂര്‍ സ്വദേശിനി കെനിയയില്‍നിന്നുമാണ് എത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം പ്രകാരം കെനിയ, ടുണീസിയ എന്നിവ ഹൈ റിസ്ക് രാജ്യങ്ങളിലൽ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.
തിരുവനന്തപുരത്തെ 17കാരന് ഡിസംബര്‍ 9ന് അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം യുകെയില്‍നിന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതാണ്. ഇതോടൊപ്പം അമ്മൂമ്മയും സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരെല്ലാം ചികിത്സയിലാണ്. തിരുവനന്തപുരം വിമാനത്താവളം വഴി വന്ന 44കാരന് ഡിസംബര്‍ 15ന് ഫ്ലൈറ്റ് ചാര്‍ട്ടു ചെയ്ത് വന്നതാണ്. ഹൈ റിസ്ക് രാജ്യമല്ലാത്തതിനാല്‍ വിമാനത്താവളത്തിൽ പരിശോധന നടത്തിയ ശേഷം ഇദ്ദേഹത്തെ വിട്ടു. പരിശോധനയില്‍ പോസിറ്റീവാണെന്നു കണ്ടെത്തി.
മലപ്പുറത്ത് ചികിത്സയിലുള്ളയാള്‍ ദക്ഷിണ കര്‍ണാടക സ്വദേശിയാണ്. ഡിസംബര്‍ 13ന് കോഴിക്കോട് വിമാനത്താവളത്തിലെ പരിശോധനയില്‍ പോസിറ്റീവായതിനാല്‍ നേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശിനി ഡിസംബര്‍ 11ന് കെനിയയില്‍നിന്നും ഷാര്‍ജയിലേക്കും അവിടെനിന്നു ഡിസംബര്‍ 12ന് ഷാര്‍ജയില്‍നിന്നു കൊച്ചിയിലേക്കും എത്തിയതാണ്.
കെനിയ ഹൈ റിസ്ക് രാജ്യത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചത്. 13ന് പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റീവായി. അമ്മ മാത്രമാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അമ്മയും കോവിഡ് പോസിറ്റീവായി. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാംപിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അയച്ചു.
തുടർന്നാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളില്‍നിന്നും വരുന്നവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. ഇവര്‍ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളില്‍ സംബന്ധിക്കാനോ പാടില്ലെന്ന് മന്ത്രി നിർദേശിച്ചു.