കട്ടപ്പന നഗരസഭയിൽ ആരോഗ്യ വിഭാഗത്തിലെ അനധികൃത നിയമനം; യു ഡി എഫ് അംഗങ്ങൾക്കെതിരെ ഓംബുഡ്സ്മാൻ അന്വേഷണം.കേസിൽ കഴമ്പുണ്ടെങ്കിൽ അംഗങ്ങൾ അയോഗ്യരാകാൻ സാധ്യത
കട്ടപ്പന : നഗരസഭയിലെ ആരോഗ്യ വിഭാഗത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ അനധികൃത നിയമനം നടത്തിയ സംഭവത്തിൽ ഓംബുഡ്‌സ്‌മാൻ അന്വേഷണം ആരംഭിച്ചു. നഗരസഭയിലെ ബി ജെ പി കൗൺസിലർ തങ്കച്ചൻ പുരയിടത്തിൽ നൽകിയ പരാതിയിലാണ് യു ഡി എഫിലെ മുതിർന്ന നേതാക്കൾ അടങ്ങുന്ന 23 അംഗങ്ങൾക്കെതിരെയും മുൻ ഹെൽത്ത് ഇൻസ്പെക്ടറിനെതിരെയും ഓംബുഡ്സ്മാൻ കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.ആരോഗ്യ വിഭാഗത്തിൽ താത്ക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്ന വിനേഷ് ജേക്കബിന്റെ നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടന്നും നിയമ വിരുദ്ധമായാണ് നിയമനമെന്നും ചൂണ്ടിക്കാട്ടിയാണ് ബി ജെ പി കൗൺസിലർ ഓംബുഡ്സ്മാനെ സമീപിച്ചത്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ അനധികൃത നിയമനത്തിന് കൂട്ട് നിന്ന കൗൺസിലർമാർ അയോഗ്യരാകുമെന്നാണ് സൂചന.ഇത് കൂടാതെ അടുത്ത ആറ് വർഷത്തേയ്ക്ക് ഇവർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ വിലക്കേർപ്പെടുത്താനും നിയമമുണ്ട്.വിനേഷ് ജേക്കബിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് അടുത്തിടെ ചാർജെടുത്ത നഗരസഭാ സെക്രട്ടറി കണ്ടെത്തുകയും, തുടർന്ന് ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു. സെക്രട്ടറിയുടെ ഈ നടപടി പിന്നീട് വിവാദമായ സാഹചര്യവും ഉണ്ടായി. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുന്നത് വരെ കേസുമായി മുൻപോട്ട് പോകുമെന്നാണ് പരാതിക്കാരനായ കൗൺസിലറുടെ നിലപാട്.അന്വേഷണത്തിൽ പ്രതികരിക്കാൻ ഭരണകക്ഷി അംഗങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല.