കുപ്രസിദ്ധ മോഷ്ടാവ് കട്ടപ്പനയിൽ അറസ്റ്റിൽ , പ്രതിയിൽ നിന്നും കണ്ടെടുത്തത് പത്തോളം മാരകായുധങ്ങൾ
കട്ടപ്പന : ഇരുപതോളം ഭവനഭേദന കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ കട്ടപ്പന ഡി വൈ എസ് പി യുടെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തു.തിരുവനന്തപുരം പാറശ്ശാല പൂവരക് വിള സജുവാണ് ( 36 ) പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് മോഷണത്തിനായി ഉപയോഗിച്ച പത്തിലധികം ആയുധങ്ങളും കണ്ടെടുത്തു.ഏതാനും മാസങ്ങൾക്ക് മുൻപ് കട്ടപ്പന മേഖലയിൽ നടന്ന മോഷണ ശ്രമം ഉൾപ്പടെയുള്ള പതിമൂന്നോളം കേസുകളിൽ പ്രതിക്ക് പങ്കുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. പെരുവന്താനം, മുരിക്കാശ്ശേരി പോലീസ് സ്‌റ്റേഷനുകളിലും ഇയാൾക്കെതിരെ മോഷണക്കുറ്റത്തിന് കേസുണ്ട്.2013 ൽ തിരുവനന്തപുരം പൂവാറിൽ നിന്ന് വിഗ്രഹം മോഷ്ടിച്ചതിനും ടെക്നോപാർക്കിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും,പന്തളത്തുനിന്ന് കാർ മോഷ്ടിച്ച കേസിലും തടവിലാക്കപ്പെട്ടയാളാണ് പ്രതി.2020 നവംബറിൽ പൊൻകുന്നത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ പ്രതി ശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് 2021 ജനുവരിയിൽ പുറത്തിറങ്ങിയ ഇയാൾ കാഞ്ചിയാർ വെള്ളിലാംകണ്ടത്ത് വീട് വാടകയ്ക്കെടുത്ത് താമസിച്ചാണ് മോഷണങ്ങൾ നടത്തിവന്നിരുന്നത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തി പ്രധാന പാതകളോട് ചേർന്നുള്ള വീടുകൾ കുത്തി തുറന്ന് സ്വർണ്ണവും പണവും അപഹരിക്കുന്നതാണ് സജുവിന്റെ രീതിയെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ രണ്ടാഴ്ച്ചയായി പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു.കട്ടപ്പന ഡി വൈ എസ് പി വി. എ നിഷാദ്മോന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ വിശാൽ ജോൺസൺ,പ്രിൻസിപ്പൽ എസ് .ഐ ദിലീപ് കുമാർ,എസ് .ഐ സജിമോൻ ജോസഫ് ,എ എസ് ഐമാരായ
ബേസിൽ പി ഐസക് ,എസ് സുബൈർ ,സി പി ഒ മാരായ ടോണി ജോൺ ,വി കെ അനീഷ്,
എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.