മരുന്നുകൾക്കെല്ലാം പത്ത് മുതൽ നാൽപ്പത്തിമൂന്ന് ശതമാനം വരെ വിലക്കുറവിൽ.സഹകരണ ആശുപത്രിയുടെ നീതി മെഡിക്കൽ സ്റ്റോർ കട്ടപ്പനയിൽ പ്രവർത്തനം തുടങ്ങി
കട്ടപ്പന: തങ്കമണി,ബഥേൽ എന്നിവിടങ്ങളിലായി പ്രവർത്തിച്ച് വന്നിരുന്ന സഹകരണ ആശുപത്രിയുടെ പുതിയ കാൽവയ്പ്പാണ് നീതി മെഡിക്കൽ സ്റ്റോറുകൾ. ഹൈറേഞ്ചിന്റെ പല ഭാഗത്തായി മെഡിക്കൽ സ്റ്റോറുകൾ തുടങ്ങി , കുറഞ്ഞ വിലയിൽ മരുന്നുകൾ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ ചെറുതോണി, തങ്കമണി, കട്ടപ്പന, അണക്കര, ഇരട്ടയാർ, മേരികുളം, ഉപ്പുതറ എന്നിവിടങ്ങളിലാണ് നീതി മെഡിക്കൽ സ്റ്റോറുകൾ തുടങ്ങുന്നത്. കട്ടപ്പനയിൽ ആരംഭിച്ച മെഡിക്കൽ സ്‌റ്റോറിന്റെ ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. മുൻ മന്ത്രി എം എം മണി മുഖ്യാഥിതി ആയിരുന്നു. കട്ടപ്പനയിൽ സി എസ് ഐ പള്ളിയുടെ എതിർവശത്താണ് മെഡിക്കൽ സ്റ്റോർ തുടങ്ങിയിരിക്കുന്നത്, പത്ത് ശതമാനം മുതൽ 43% വരെ വിലക്കുറവിൽ മരുന്നുകൾ ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി. വി വർഗ്ഗീസ് , കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, ആശുപത്രി പ്രസിഡന്റ് കെ. ആർ സോദരൻ, മുൻസിപ്പൽ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടം, റൂറൽ കോ ഓപ്പറ്റേറ്റീവ് ബാങ്ക് പ്രസി. വി. ആർ സജി, ആശുപത്രി ഡയറക്ടർ കെ. പി സുമോദ്, വൈസ് പ്രസിഡന്റ് കെ.ജെ ഷൈൻ, സജി തടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.