ഷോര്‍ട്ട് ഫിലിം, കാര്‍ട്ടൂണ്‍, പോസ്റ്റര്‍ മത്സരം
ഇടുക്കിജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ വിഷയങ്ങളില്‍ ഷോര്‍ട്ട് ഫിലിം, കാര്‍ട്ടൂണ്‍, പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാന വിവര- പൊതുജന സമ്പര്‍ക്ക വകുപ്പും സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതിയും സംയുക്തമായി നടത്തുന്ന ബോധവത്കരണ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ ക്രിയാത്മക രചനകളും ചിത്രീകരണങ്ങളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഹാഷ് ടാഗോടുകൂടി പ്രദര്‍ശിപ്പിക്കും. വീക്ഷിച്ചവരുടെ എണ്ണത്തിന്റെയും റീച്ചിന്റെയും അഭിപ്രായത്തിന്റെയും അടിസ്ഥാനത്തില്‍ ഓരോ മത്സരയിനത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. ഒരാള്‍ക്ക് എല്ലാ മത്സരയിനങ്ങളിലും പങ്കെടുക്കാം. എന്നാല്‍ ഒരു വിഷയത്തിന്‍ ഒരു രചനയേ പാടുള്ളൂ.
ബോധവത്ക്കരിക്കേണ്ട വിഷയങ്ങള്‍
- സ്ത്രീധന നിരോധന നിയമം, സ്ത്രീധന പീഡനങ്ങള്‍ക്കും മരണങ്ങള്‍ക്കുമെതിരെ, സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരം, സ്ത്രീധനം സംബന്ധിച്ച കുടുംബ- സാമൂഹിക മാനസിക സമ്മര്‍ദ്ദങ്ങള്‍. ലളിതമയ വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രചാരണ ആശയങ്ങള്‍
2.സിനിമ, സീരിയല്‍ എന്നിവയിലെ മദ്യപാനം, പുകവലി ചിത്രീകരണരംഗങ്ങള്‍ കുട്ടികളിലും യുവതലമുറകളിലും ഉണ്ടാക്കുന്ന സ്വാധീനവും ദോഷഫലവും പ്രതിരോധ മാര്‍ഗ്ഗവും.
- യാത്രാവേളയില്‍ വാഹന പരിശോധനാ സമയത്ത് കൈവശം കരുതേണ്ടേ രേഖകള്‍, അവയുടെ ആവശ്യകത, രേഖകള്‍ ഇല്ലെങ്കില്‍ എത്ര രൂപ ഫൈന്‍ ഈടാക്കണമെന്നതുള്‍പ്പെടെയുള്ള ശിക്ഷാ വിവരങ്ങള്‍, തുടര്‍ നടപടിക്രമങ്ങള്‍
- ഉയര്‍ന്ന പലിശ ലഭിക്കുമെന്നു കരുതി മണിചെയിനിലും സമാനമായ സ്വകാര്യ സ്ഥാപനങ്ങളിലും പണം നിക്ഷേപിച്ച് തട്ടിപ്പിന് ഇരയാകാതിരിക്കാനുള്ള ബോധവത്ക്കരണം.
ആശയങ്ങള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിയോഗിക്കുന്ന വിദഗ്ദ്ധ സമിതി പരിശോധിച്ച് മികച്ചവ ഹാഷ് ടാഗോടുകൂടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും. ഇവയില്‍ ഏറ്റവും കൂടുതല്‍ പേരിലെത്തുന്ന ആദ്യ മൂന്ന് സൃഷ്ടിക്കായിരിക്കും സമ്മാനം.