പൊറോട്ടയ്ക്കു ചൂടില്ല, പണം നൽകാതെ കടയുടമയ്ക്ക് ക്രൂര മർദനം; നാലംഗ സംഘത്തിൽ ഒരാൾ അറസ്റ്റിൽ
മൂന്നാർ ∙ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം പൊറോട്ടയ്ക്കു ചൂടില്ലെന്ന് ആരോപിച്ച് പണം നൽകാതെ കടയുടമയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒളിവിലായിരുന്ന യുവാക്കളിൽ ഒരാൾ അറസ്റ്റിൽ. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റ് നോർത്ത് ഡിവിഷനിൽ ആർ. സുരേഷ്കുമാറിനെയാണ് എസ്എച്ച്ഒ മനേഷ്.കെ.പൗലോസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഒക്ടോബർ 10 ന് പഴയമൂന്നാർ മൂലക്കടയിൽ വാനിൽ തട്ടുകട നടത്തിയിരുന്ന പരമേശ്വര ദാസിനെയാണ് രാത്രി 11 ന് മദ്യപിച്ച് എത്തിയ നാലംഗ സംഘം ക്രൂരമായി മർദിക്കുകയും വാഹനത്തിനു കേടുപാടു വരുത്തുകയും ചെയ്തത്. ആക്രമണത്തിൽ പരമേശ്വര ദാസിന്റെ മൂക്കെല്ല് പൊട്ടി. മരക്കമ്പ് കൊണ്ട് അടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ സുരേഷ്കുമാറിനെ കഴിഞ്ഞ ദിവസം ടൗണിൽ നടയാർ റോഡിലെ ഒരു കടയിൽ നിന്നാണു പിടികൂടിയത്. എസ്ഐ അനിൽകുമാർ സീനിയർ എസ്‌സിപിഒ വേണുഗോപാൽ പ്രഭു എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.