ശബരിമല തീർത്ഥാടനം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന, ശുദ്ധജല വിതരണം എന്നിവ ഉറപ്പാക്കണമെന്ന് മന്ത്രി കെ മുരളീധരൻ

ചെങ്ങന്നൂരിൽ ശബരിമല അവലോകനയോഗം മന്ത്രിയുടെ നേതൃത്വത്തിൽ നടത്തി കെ.എസ്.ആർ.ടി.സി 13 മുതൽ പ്രത്യോക സർവീസ് തുടങ്ങും.ശബരിമല തീർത്ഥാടകർ 80 ശതമാനവും കടന്നുപോകുന്നത് ചെങ്ങന്നൂരിലൂടെയാണെന്നും തീർത്ഥാടകരുടെ സുരക്ഷയെക്കരുതി ഭക്ഷണ വിതരണം നടക്കുന്ന എല്ലായിടങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കാനും അയ്യപ്പഭക്തന്മാർക്ക് ശുദ്ധമായ കുടിവെള്ള വിതരണം ഉറപ്പാക്കാനും കർശന നിർദേശം നൽകി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. ചെങ്ങന്നൂർ കല്ലിശ്ശേരി റസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ ,ദേവസ്വം വകുപ്പ് ജീവനക്കാർ,ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത ശബരിമല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ എത്തുമ്പോൾ പകർച്ചവ്യാധി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അതീവ ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു. തീർഥാടകർ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി തടസ്സം ഉണ്ടാകാതെ നോക്കാൻ കെഎസ്ഇബിക്ക് നിർദ്ദേശം നൽകി. കുടിവെള്ളം, ശൗചാലയങ്ങളുടെ നടത്തിപ്പ് എന്നിവയുടെ കാര്യത്തിൽ നഗരസഭയും വാട്ടർ അതോറിറ്റിയും പ്രത്യേക ശ്രദ്ധ നൽകണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സജി ചെറിയാൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി പങ്കെടുത്തു. ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാറും മെമ്പർ അഡ്വ.പി.ഡി.സന്തോഷ്കുമാറും സന്നിഹിതരായി.
ഹോട്ടൽ, ഭക്ഷണവിതരണം എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. ചെങ്ങന്നൂരിലും തീർത്ഥാടകർ എത്തുന്ന സമീപപ്രദേശങ്ങളിലും ആശുപത്രികളിൽ ആവശ്യത്തിനും മരുന്ന് , ഡോക്ടർമാരുടെ സേവനം എന്നിവ ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി.തീർത്ഥാടകർക്ക് യാത്ര തടസ്സം ഉണ്ടാകാത്ത വിധം ഗതാഗത ക്രമീകരണം പോലീസ് വരുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
ശബരിമല തീർത്ഥാടകർക്കുള്ള ചെങ്ങന്നൂരിലെ ക്രമീകരണം സംബന്ധിച്ച് മുന്നൊരുക്ക യോഗം കഴിഞ്ഞദിവസം നടത്തിയതായി സജി ചെറിയാൻ എംഎൽഎ അറിയിച്ചു. പാറേക്കടവ് ഭാഗത്തേക്ക് തീർത്ഥാടകരെ കർശനമായി നിയന്ത്രിക്കണമെന്ന് സജി ചെറിയാൻ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പത്തു ബെഡുകൾ തീർത്ഥാടകർക്കു മാത്രമായി നീക്കി വയ്ക്കാൻ നിർദ്ദേശിച്ചിട്ടുള്ളതായി എംഎൽഎ പറഞ്ഞു.
തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ സംബന്ധിച്ച് റെയിൽവേ അധികൃതരുമായി നേരത്തെ തന്നെ ചർച്ച നടത്തി തീരുമാനങ്ങൾ എടുത്തതായി കൊടിക്കുന്നിൽ സുരേഷ് എംപി യോഗത്തിൽ പറഞ്ഞു. റെയിൽവേ ബോർഡ് അനുവദിച്ച 50 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. റെയിൽവേ സ്റ്റേഷന് ചുറ്റുമുള്ള റോഡുകൾ ടാർ ചെയ്തു വരുന്നു. പിൽഗ്രിം ഷെൽട്ടറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. അനൗൺസ്മെൻ്റിനുള്ള സൗകര്യങ്ങളും റെയിൽവേ ഒരുക്കുന്നുണ്ട്. വിവിധ വകുപ്പുകൾക്കായി 10 കൗണ്ടറുകൾ എങ്കിലും ഒരുക്കാമെന്ന് റെയിൽവേ അറിയിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. നഗരസഭ വിരിവയ്ക്കാൻ 500 പേർക്കുള്ള സൗകര്യം ഒരുക്കുന്നുണ്ട്. കൂടാതെ 20 ശൗചാലയങ്ങളും തയ്യാറാക്കും. രണ്ടുമാസത്തേക്ക് എങ്കിലും ക്ലീനിങ് തൊഴിലാളികളുടെ എണ്ണം 27 ൽ നിന്ന് 35 ആക്കി വർദ്ധിപ്പിച്ച് നൽകണമെന്ന് നഗരസഭ ചെയർമാൻ യോഗത്തിൽ പറഞ്ഞു. റെയിൽവേ സ്റ്റേഷന് ചുറ്റുമുള്ള ഓടകൾ വൃത്തിയാക്കി വരുന്നതായും അദ്ദേഹം അറിയിച്ചു.
തീർത്ഥാടകരുടെ സൗകര്യാർത്ഥം 140 പോലീസിനെയും 100 സ്പെഷ്യൽ പോലീസിനെയും 25 ഹോം ഗാർഡ്മാരെയും നിയോഗിക്കുമെന്ന് യോഗത്തിൽ പോലീസ് അധികൃതർ പറഞ്ഞു. 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കും.
പുത്തൻവീട്ടിൽ പടി റെയിൽവേ ഓവർബ്രിഡ്ജ് മുതൽ ചെങ്ങന്നൂർ മഹാദേവക്ഷേത്രം വരെയുള്ള റോഡ് അറ്റകുറ്റപ്പണി നടത്തി 15ന് തുറന്നുകൊടുക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. റെയിൽവേ സ്റ്റേഷൻ മുന്നിലെ വെള്ളക്കെട്ട് നീക്കുന്നതിനുള്ള നടപടിയും എടുത്തുവരുന്നു. കെഎസ്ആർടിസി ആദ്യഘട്ടത്തിൽ 60 ബസ്സുകളും തിരക്ക് കൂടുന്ന സമയത്ത് 80 ബസ്സുകളും ഏർപ്പെടുത്തും. അനൗദ്യോഗികമായി പതിമൂന്നാം തീയതി മുതൽ ബസ് സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. 24 മണിക്കൂറും ജീവനക്കാരെ വിന്യസിക്കും. പാർക്കിങ്ങിനുള്ള കൂടുതൽ സൗകര്യങ്ങൾ കെഎസ്ആർടിസിയും ആർ ടിയോയും പോലീസും നഗരസഭയും ചേർന്ന് തയ്യാറാക്കാൻ യോഗം നിർദ്ദേശം നൽകി.
ആരോഗ്യവകുപ്പ് 24 മണിക്കൂർ പ്രവർത്തിക്കുന്ന ക്ലിനിക് റെയിൽവേ സ്റ്റേഷനിൽ സ്ഥാപിക്കും. ചെങ്ങന്നൂർ ആശുപത്രിയോട് അനുബന്ധിച്ച് ഹെൽപ്പ് ഡെസ്ക് ഉണ്ടാവും. തീർത്ഥാടകരുടെ ആവശ്യത്തിനു മാത്രമായി ആറ് ബെഡുകളും നാല് ഐസിയു ബെഡുകളും തയ്യാറാക്കിയിട്ടുണ്ടെന്ന് ഡിഎംഒ യോഗത്തിൽ പറഞ്ഞു. ആരോഗ്യ സ്ക്വാഡുകളും പ്രവർത്തിക്കും.
റവന്യൂ ,ആരോഗ്യം,പോലീസ്, നഗരസഭ ,ലീഗൽ മെട്രോളജി, സപ്ലൈകോ എന്നിവ സംയുക്തമായി സ്ക്വാഡ് രൂപവൽക്കരിച്ച് പരിശോധന നടത്തണമെന്ന് യോഗം നിർദ്ദേശിച്ചു.
പാർക്കിംഗ് സ്ഥലം, ദിശാസൂചകങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ആരോഗ്യവകുപ്പും ഫയർഫോഴ്സും ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. റെയിൽവേയുടെ പുറകിലുള്ള ലഹരിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ പരിഹരിക്കാൻ എക്സൈസ് വകുപ്പ് നടപടി സ്വീകരിക്കും. ചെങ്ങന്നൂരിൽ ഫെസ്റ്റിവൽ കൺട്രോൾ റൂം ആരംഭിക്കുന്ന കാര്യം അടുത്ത ദേവസ്വം ബോർഡ് യോഗത്തിൽ പരിഗണിക്കാമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ യോഗത്തിൽ പറഞ്ഞു. ജില്ല പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ്, ചെങ്ങന്നൂർ നഗരസഭാ ചെയർമാൻ മനീഷ് കീഴാമഠത്തിൽ, നഗരസഭാ ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ, ചെങ്ങന്നൂർ തഹസിൽദാർ ജെ.താജുദ്ദീൻ, ദേവസ്വംബോർഡ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.




































































































































