നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് പറയട്ടെ, മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി; ‘വിദ്യാർത്ഥി – അധ്യാപക അനുപാതം കുറയ്ക്കണം’

എൽപിഎസ്‍ടി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിക്ക് എതിരെ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച വളർമതി രംഗത്തെത്തി. വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും നീതി ലഭിച്ചില്ലെങ്കിൽ നിരാഹാര സമരം തുടങ്ങുമെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി. എൽപിഎസ്‍ടി സമരത്തിലെ മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതികരണവുമായി തലമുണ്ഡനം ചെയ്ത് പ്രതിഷേധ വളർമതി. നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് സർക്കാർ വ്യക്തമാക്കട്ടെയെന്ന് വളർമതി പറഞ്ഞു. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കണം എന്നതിൽ നിന്ന് പിന്നോട്ടില്ല. പ്രതിപക്ഷത്തിരുന്നപ്പോൾ പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തെ പിന്തുണച്ചവരാണ് ഇപ്പോൾ ഇങ്ങനെ പറയുന്നതെന്നും അവര്‍ കൂട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ച് കൊല്ലം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തവരെ തിരിഞ് നോക്കാത്തവരാണ് ഇപ്പോൾ തല മൊട്ടയടിച്ച ഫോട്ടോയും കൊണ്ട് നടക്കുന്നതെന്നാണ് ഇന്നലെ സഭയിൽ മുഖ്യമന്ത്രി പറഞ്ഞത്.
സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലും നിറവേറ്റാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞു. അധ്യാപക വിദ്യാർത്ഥി അനുപാതം ഒരു സുപ്രഭാതത്തിൽ കുറയ്ക്കാൻ പറ്റില്ല. എൽഡിഎഫിന്‍റെ ബുദ്ധിശൂന്യതയാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം. കെഎഎസ് തെറ്റായ രീതിയിൽ നടപ്പാക്കി. 32 ഒഴിവുണ്ടെന് തെറ്റായ കണക്ക് പിഎസ്‍സിക്ക് നൽകി റാങ്ക് ലിസ്റ്റ് ഇറക്കി. തലമുണ്ഡനം ചെയ്തത് കാണുമ്പോ സങ്കടം ഉണ്ട്. പക്ഷേ വാക്ക് പാലിച്ചില്ലെന്ന് സമരക്കാർ പറയരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നും കടുത്ത അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്നാരോപിച്ചാണ് സമര സമിതി നേതാവ് വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. തങ്ങൾക്ക് ജോലി നൽകുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് പറഞ്ഞ് സർക്കാർ ഒഴിയുകയാണെന്നും വളർമതി ആരോപിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങളിൽ വാചാലനായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി, പദവിയിലെത്തിയപ്പോൾ തങ്ങളെ പൂർണ്ണമായും അവഗണണിക്കുകയാണെന്നും അവർ ആരോപിച്ചു.




































































































































