സംസ്ഥാനത്ത് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കെ.എസ്.ഇ.ബി.യുടെ മീറ്റർ റീഡർമാർ അനിശ്ചിതകാല സമരത്തിൽ. ശമ്പള വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതോടെ അഞ്ചു ദിവസമായി വൈദ്യുതി മീറ്റർ റീഡിംഗ് എടുക്കുന്നത് നിലച്ചു.

സംസ്ഥാനത്ത് വീടുകളിലും മറ്റ് സ്ഥാപനങ്ങളിലുമെത്തി വൈദ്യുതി മീറ്റർ റീഡിംഗ് രേഖപ്പെടുത്തി ബില്ല് നൽകാനായി മൂവായിരത്തോളം കരാർ ജീവനക്കാരാണുള്ളത്. ഓരോ സെക്ഷനിലും നാലു പേർ വീതമുണ്ട്. 776 സെക്ഷൻ ഓഫീസുകളിലായി 200 ൽ താഴെയാണ് മീറ്റർ റീഡർമാരുടെ സ്ഥിരം തസ്തികയുള്ളത്. ഓഫീസുകളിൽ നിന്നുള്ള ദൂരത്തിനനുസരിച്ച് ഒരു മീറ്റർ റീഡിംഗ് എടുക്കുന്നതിന് അഞ്ചു മുതൽ 13 രൂപ വരെ മാത്രമാണിവർക്ക് ലഭിക്കുന്നത്. നാലു വർഷമായി ഇതിൽ വർധന വരുത്തിയിട്ടില്ല.
കെ.എസ്.ഇ.ബി.യുടെ ബില്ലിങ് രീതി റെക്കോഡഡ് മാക്സിമം ഡി മാൻഡ് രീതിയിലേക്ക് മാറുന്നതോടെ ഒരു ദിവസം കയറാൻ കഴിയുന്ന വീടുകളുടെ എണ്ണം കുറഞ്ഞ് വേതനത്തെ ബാധിക്കുമെന്നും ഇവർ പറയുന്നു.
കെ.എസ്.ഇ.ബി. മീറ്റർ റീഡർ
ഇത്തരം റീഡിംഗ് എടുക്കുന്നതിന് മീറ്ററൊന്നിന് അഞ്ചു രൂപ അധികം വേണമെന്നാണ് ആവശ്യം. മീറ്റർ റീഡിംഗ് മുടങ്ങുന്നത് കെ.എസ്.ഇ.ബി.യുടെ വരുമാനത്തെ കാര്യമായി ബാധിക്കും. ഒപ്പം ഉപഭോക്താവിൻറെ സ്ലാബിലും വ്യത്യാസം വരും. ഓൾ കേരള മീറ്റർ റീഡേഴ്സ് യൂണിറ്റി രൂപീകരിച്ചാണ് സമരം.ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നാണ് ഇവരുടെ നിലപാട്.









































































































































