കാർഷികോൽപ്പന്നങ്ങൾക്ക് വിലസ്ഥിരത ഉറപ്പു വരുത്തും : എ ജി തങ്കപ്പൻ (സ്പൈസസ് ബോർഡ് ചെയർമാൻ )


തോപ്രാംകുടി: കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുമെന്നും കാർഷിക ഉത്പന്നങ്ങളുടെ വില സ്ഥിരത ഉറപ്പുവരുത്തുമെന്നും സ്പൈസസ് ബോർഡ് ചെയർമാൻ ഏ ജി തങ്കപ്പൻ പറഞ്ഞു. തോപ്രാംകുടിയിൽ കർഷകമോർച്ചയുടെയും സ്പൈസസ് ബോർഡിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ജൈവ കർഷക പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമിതമായ രാസവള പ്രയോഗങ്ങളും കളർ ലഭിക്കുന്നതിന് കൃത്രിമമായ മാർഗങ്ങൾ സ്വീകരിക്കുന്നതും മൂലമാണ് ഏലത്തിന് പലപ്പോഴും വിദേശ മാർക്കറ്റിൽ വില ലഭിക്കാത്തത്. ഇതിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ സ്പൈസസ് ബോർഡ് നടത്തിവരുന്നുണ്ട്. അമിതമായ കീടനാശിനി പ്രയോഗങ്ങൾ ഇടുക്കിയിലെ ജലസ്രോതസ്സുകളെ പോലും മാലിന്യം ആക്കിയിരിക്കുന്നു കുഴൽ കിണറുകളിലെ വെള്ളം പോലും മാലിന്യമാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. ക്യാൻസർ രോഗങ്ങൾ പടരുന്നതിനുപോലും കാരണമാകുന്ന നിരോധിത കീടനാശിനികൾ പല കർഷകരും ഉപയോഗിക്കുന്നതായി കണ്ടുവരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ നിരോധിത കീടനാശിനി ഉപയോഗിക്കുന്നത് ഇടുക്കി ജില്ലയിലാണ് എന്ന് ചില റിപ്പോർട്ടുകൾ ഉണ്ട്. ഇത് പരിസ്ഥിതിക്കും കർഷകരായ ആളുകൾക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
അതുകൊണ്ടുതന്നെ ജൈവകൃഷിയുടെ പ്രോത്സാഹനവും ശാസ്ത്രീയമായ പരിപോഷിപ്പിക്കലും ആവശ്യമാണ്.ഇടനിലക്കാരെ പരമാവധി ഒഴിവാക്കി കർഷകർക്ക് നേരിട്ട് ഗുണങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്ന നയമാണ് കേന്ദ്രസർക്കാരിന് ഉള്ളത്
അതുകൊണ്ട് തന്നെ കാർഷിക ഉത്പന്നങ്ങൾക്ക് വില സ്ഥിരത ഉറപ്പുവരുത്തുന്നതിനും കർഷകർക്ക് കൂടുതൽ നേട്ടം ഉണ്ടാക്കുന്നതിനും വേണ്ട നടപടികൾ സ്പൈസസ് ബോർഡിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് എം വി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഹോർട്ടി കൾച്ചർ മിഷൻ അംഗം ശ്രീനഗരി രാജൻ,ബി.ജെ പി ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല,കർഷക മോർച്ച ജില്ലാ ജനറർ സെകട്ടറി എം.എൻ മോഹൻ ദാസ് , ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പി.സി. സന്തേഷ് കുമാർ ,സ്പൈസസ് ബോർഡ് ഡയറക്ടർ എ.ബി രമശ്രീ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. സൈന്റിസ്റ്റ് മാരായ ഡോ പ്രദീപ് കുമാർ , ഡോ ജോൺ ജോ വർഗ്ഗീസ്, ഡോ കെ ധനപാൽ, ഡോ വി.ബി വിനയൻ തുടങ്ങിയവർ പഠന ക്ലാസിന് നേത്യത്വം നൽകി. യോഗത്തിൽ മികച്ച ജൈവ കർഷകരെ ആദരിച്ചു.