കോൺഗ്രസ് ചെയർപേഴ്സൺ തന്നെ പാലാ നഗരസഭയിൽ ഉണ്ടാകും; കൗൺസിലർ ടോണി തൈപ്പറമ്പിൽ

കോൺഗ്രസ് ചെയർപേഴ്സൺ തന്നെ പാലാ നഗരസഭയിൽ ഉണ്ടാകുമെന്ന് കോൺഗ്രസ് പുറത്താക്കിയ കൗൺസിലർ ടോണി തൈപ്പറമ്പിൽ. ആര് ചെയർപേഴ്സൺ സ്ഥാനാർഥിയാകുമെന്നത് കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ടോണി തൈപ്പറമ്പിൽ റിപ്പോർട്ടറിനോട് വ്യക്തമാക്കി. പാലാ നഗരസഭയിൽ ചെയർപേഴ്സണെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതിൻ്റെ പാർട്ടി നടപടി സ്വീകരിച്ചതിൽ വിഷമമുണ്ടെന്നും ടോണി തൈപ്പറമ്പിൽ വ്യക്തമാക്കി. പാർട്ടി പ്രവർത്തകനായി തന്നെ മുന്നോട്ടു പോകുമെന്നും ആരോടും പരിഭവമോ ദേഷ്യമോ ഇല്ലെന്നും ടോണി പറഞ്ഞു.
എൽഡിഎഫ് പിന്തുണ സ്വീകരിക്കുമെന്നും ടോണി തൈപ്പറമ്പിൽ പറയാതെ പറഞ്ഞു. ആരുടെ പിന്തുണയും സ്വീകരിക്കുന്നതിൽ തെറ്റില്ല എന്നായിരുന്നു ടോണിയുടെ പ്രതികരണം. പാലായുടെ നല്ലതിനുവേണ്ടി പ്രവർത്തിക്കുന്ന ആളുകളുടെ പിന്തുണയോടെ മുന്നോട്ടുപോകുമെന്നും ടോണി കൂട്ടിച്ചേർത്തു. വിമത കൗൺസിലർമാരെ പിന്തുണയ്ക്കുമെന്ന് ഇന്നലെ തന്നെ എൽഡിഎഫ് നേതൃത്വം വ്യക്തമാക്കിയിരുന്നു. പാലാ നഗരസഭയിലെ ചെയർപേഴ്സൺ വിമത കൗൺസിലർമാരിൽ നിന്നു തന്നെയായിരിക്കുമെന്ന് വ്യക്തമാണ്. ചെയർപേഴ്സൺ സ്ഥാനത്തിന് വനിതാ സംവരണമുള്ള പാലായിൽ വിമത കൗൺസിലർമാരിൽ മൂന്ന് പേരും വനിതകളാണ്. ഉള്ളത് മൂന്ന് വനിതകൾ.
പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത നാല് കോൺഗ്രസ് കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്നും കോൺഗ്രസ് പുറത്താക്കിയിരുന്നു. കെപിസിസി പ്രസിഡൻ്റിൻ്റെ നിർദ്ദേശാനുസരണം ഡിസിസി പ്രസിഡൻ്റാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മായാ രാഹുലും നാല് കോൺഗ്രസ് കൗൺസിലർമാരും പിന്തുണച്ചതോടെയാണ് പാല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായത്.
അവിശ്വാസ പ്രമേയത്തിൽ നിന്നും വിട്ടുനിൽക്കണമെന്ന് നേരത്തെ ഡിസിസി പ്രസിഡന്റ് കോൺഗ്രസ് കൗൺസിലർമാർക്ക് വിപ്പ് നൽകിയിരുന്നു. അവിശ്വാസത്തിൽ നിന്നും വിട്ടുനിൽക്കണമെന്ന കോൺഗ്രസ് പാർട്ടി വിപ്പ് ഒപ്പിട്ടുവാങ്ങിയത് രണ്ട് കൗൺസിലർമാർ മാത്രമായിരുന്നു. നാലുപേർ വിപ്പ് കൈപ്പറ്റിയിരുന്നില്ല. നാലുപേരെയും നേരിട്ട് കാണാനാകാതെ വന്നതോടെ വിപ്പ് മണ്ഡലം പ്രസിഡന്റ് വീട്ടിൽ പതിപ്പിച്ചു മടങ്ങുകയായിരുന്നു.
26 അംഗ നഗരസഭയിൽ എൽഡിഎഫിന് പതിനൊന്നും യുഡിഎഫിന് പത്തംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബിജു, ബിനു, ദിയ എന്നിവരെ കൂടാതെ മറ്റ് രണ്ട് സ്വതന്ത്രരും വിജയിച്ചിരുന്നു. ഇതിലൊരാൾ കോൺഗ്രസ് വിമതയായിരുന്ന മായാ രാഹുലായിരുന്നു. പുളിക്കക്കണ്ടം കുടുംബത്തിന്റെയും മായയുടെയും പിന്തുണ ലഭിച്ചതോടെ യുഡിഎഫിന്റെ അംഗബലം 14 ആയി. ഇതോടെയായിരുന്നു നഗരസഭയിൽ യുഡിഎഫ് ഭരണം പിടിച്ചത്. ആദ്യ ടേമിൽ ചേയർപേഴ്സൺ സ്ഥാനം ദിയയ്ക്ക് നൽകുകയായിരുന്നു.







































































































































