റബറിന് ചാഞ്ചാട്ടം, നാളികേര വിപണിക്ക് ഇടിവ്, വില ഉയർത്തി കുരുമുളക്

രാജ്യാന്തര വിപണിയിൽ റബർ രാവിലെ നഷ്ടതോടെയാണ് ഇടപാടുകൾ തുടങ്ങിയത്. ഏഷ്യൻ രാജ്യങ്ങളിൽ ടാപ്പിങിന് അനുകൂല കാലാവസ്ഥ ലഭ്യമാവുന്നതിനാൽ ചൈന അടക്കമുള്ള ഇറക്കുമതി രാജ്യങ്ങൾ പുതിയ വാങ്ങലുകളിൽ നിന്നും അൽപ്പം പിൻതിരിഞ്ഞു. ജപ്പാൻ റബർ അവധി വില കിലോ 424 യെന്നിൽ നിന്നും 414 ലേയ്ക്ക് തളർന്നത് റബർ കയറ്റുമതി രാജ്യങ്ങളിൽ ആശങ്ക പരത്തിയെങ്കിലും ബാങ്കോക്കിൽ ഷീറ്റ് വില സ്റ്റെഡിയാണ്. കൊച്ചിയിൽ നാലാം ഗ്രേഡ് കിലോ 270 രൂപയിൽ വിപണനം നടന്നു. റെയിൻ ഗാർഡ് ഒരുക്കിയ തോട്ടങ്ങളിൽ വെട്ട് പുരോഗമിക്കുന്നു, ഉയർന്ന വില നേട്ടമാക്കാൻ പുലർച്ചെ തന്നെ പല ഭാഗങ്ങളിലും കർഷകർ ടാപ്പിങിന് ഉത്സാഹിച്ചു. അന്തർസംസ്ഥാന വ്യാപാരികൾ ഒടുവിൽ വില ഉയർത്തി കുരുമുളക് ശേഖരിച്ചു. ഹൈറേഞ്ചിലെയും മറ്റ് ഭാഗങ്ങളിലെയും കർഷകർ നാടൻ ചരക്ക് വിൽപ്പന നിയന്ത്രിച്ചതാണ് നിരക്ക് ഉയർത്താൻ വാങ്ങലുകാരെ പ്രേരിപ്പിച്ചത്. ഉത്സവകാല ആവശ്യങ്ങൾക്ക് ഉത്തരേന്ത്യയിൽ ഉയർന്ന അളവിൽ ചരക്ക് ആവശ്യമുണ്ട്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് കിലോ 696 രൂപയായി ഉയർന്നു.
നാളികേര വിപണി കൂടുതൽ സമ്മർദ്ദത്തിലേയ്ക്ക്. പ്രദേശിക മാർക്കറ്റുകളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വെളിച്ചെണ്ണയ്ക്ക് ആവശ്യം ചുരുങ്ങിയത് കൊപ്രയാട്ട് വ്യവസായികളെ സ്റ്റോക്ക് വിറ്റുമാറാൻ പ്രേരിപ്പിക്കുന്നു. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും 200 രൂപ വീതം ഇടിഞ്ഞപ്പോൾ തമിഴ്നാട്ടിൽ വില ഇടിവ് 150 രൂപയിൽ ഒതുങ്ങി.
ഏലക്ക ലേലത്തിൽ ചരക്ക് വരവ് ചുരുങ്ങിയെങ്കിലും അതിന് അനുസൃതമായി വിലയിൽ ഉണർവ് ദൃശ്യമായില്ല. ആകെ 11,351 കിലോ ഏലക്ക വിൽപ്പനയ്ക്ക് എത്തിയതിൽ 10,962 കിലോയും വിറ്റഴിഞ്ഞിട്ടും ശരാശരി ഇനങ്ങൾ കിലോ 2518 രൂപയിൽ നിലകൊണ്ടു. മികച്ചയിനങ്ങൾ 3000 രൂപയിൽ കൈമാറി.































































































































