നട്ടത് 25 വർഷം മുൻപ്, ഇന്ന് ലക്ഷങ്ങൾ വരുമാനം; ‘ഔഷധപ്പഴം’ ഇടുക്കിയിലേക്കെത്തിയത് മലേഷ്യയിൽ നിന്ന്

“മണം കൊണ്ട് മനം മടുപ്പിക്കുന്ന പഴം. മധുരം കൊണ്ട് മനം കവരുന്ന പഴം’: ദുരിയാനെ പലരും വിശേഷിപ്പിക്കുന്നത് ഇങ്ങനെ രൂക്ഷഗന്ധം മൂലം പല എയർപോർട്ടുകളിലും വിലക്കു നേരിടുന്ന പഴം. അതേസമയം, കഴിക്കുന്തോറും കൊതി കൂട്ടുന്ന പഴം കൂടിയാണ് ചക്കയുടെ പ്രകൃതമുള്ള ദുരിയാൻ. റംബുട്ടാൻ, മാങ്കോസ്‌റ്റിൻ, അവ്ക്കാഡോ, ഡ്രാഗൺ ഫ്രൂട്ട് എന്നിവയുടെ കൃഷിയിലുണ്ടായ വളർച്ച കേരളത്തിൽ കിട്ടാതെ പോയ പഴമാണ് ദുരിയാൻ വാണിജ്യക്കൃഷിക്കു യോജിച്ച ഇനങ്ങളെക്കുറിച്ചുള്ള സന്ദേഹവും കൃഷിയുടെ വേഗം കുറച്ചു റംബുട്ടാൻ്റെ N18, ഡ്രാഗൺ ഫ്രൂട്ടിന്റെ മലേഷ്യൻ റെഡ് ഇനങ്ങൾക്കു നമ്മുടെ കാലാവസ്‌ഥയിലും വിപണിയിലും സർവ സ്വീകാര്യത ലഭിച്ചപ്പോൾ അവ്ക്കാഡോയുടെയും ദുരിയാന്റെയും സർവയോഗ്യമായ ഇനമേതെന്ന കാര്യത്തിൽ ഇവിടെ ഇനിയും തീരുമാനമായിട്ടില്ല. ഓരോരുത്തരും ഓരോന്ന് പരീക്ഷിക്കുന്നു എന്നുമാത്രം.
മലേഷ്യയുടെ തനത് ഇനമായ മുസാങ് കിങ്, തായ്ലൻഡിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന മോന്തോങ്, ഒപ്പം ഓർച്ചി, കോബ്, സുൽത്താൻ, ഡി101, റെഡ് പ്രോൺ എന്നിങ്ങനെ ദുരി യാൻ ഇനങ്ങൾ പലതുണ്ട്. മോന്തോങ് പോലുള്ളവയുടെ ഗ്രാഫ്റ്റ് തൈകൾ കേരളത്തിൽ പലരും കൃഷി ചെയ്യുന്നുമുണ്ട്. ഗ്രാഫ്റ്റ് തൈകൾ പൊതുവേ 4-5 വർഷങ്ങൾകൊണ്ട് കായ്ക്കും. എന്നാൽ, ദുരിയാൻ കേരളത്തിൽ പ്രചാരം നേടുന്നതിനും വളരെ മുൻപ് മലേഷ്യയിൽനിന്ന് തനത് ദുരിയാൻ ഇനം കൊണ്ടുവന്ന് കൃഷി ചെയ്‌തവരാണ് ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കടുത്ത് പടിഞ്ഞാറെ കോടിക്കുളം കൈറ്റാനി വീട്ടിൽ രാജു-മുന്നി ദമ്പതിമാർ. 40വർഷത്തിലേറെ ഇംഗ്ലണ്ടിൽ ജോലി ചെയ്‌ത രാജു മലേഷ്യയിൽ റിയൽ എസ്റ്റേറ്റ് രംഗത്തുണ്ടായിരുന്ന കാലത്താണ്. ദുരിയാൻ വിത്ത് കൊണ്ടുവന്നു മുളപ്പിച്ചു നടുന്നത്. അത് 25 വർഷം മുൻപായിരുന്നു. ആദ്യം നട്ടവയും അതിന്റെ അനന്തര തലമുറകളും ചേർന്ന് അറുപതോളം മരങ്ങൾ ഇന്നു രാജുവിൻ്റെ പുരയിടത്തിലുണ്ട്. അവയിൽനിന്ന് വർഷം 4 ലക്ഷം രൂപയോളം വരുമാനം ലഭിക്കുന്നു. ഭാവിയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സ്വീകാര്യത നേടാൻ ഇടയുള്ള വിദേശപ്പഴങ്ങളിലൊന്ന് ദുരിയാൻ ആണെന്ന് രാജു ഉറപ്പിക്കുന്നു.











































































































