മോദി സർക്കാരിന്റെ പന്ത്രണ്ടാം വാർഷിക ആഘോഷങ്ങൾക്ക് ജൂൺ 5-ന് തുടക്കമാകും

മോദി സർക്കാരിന്റെ പന്ത്രണ്ടാം വാർഷിക ആഘോഷങ്ങൾക്ക് ജൂൺ 5-ന് തുടക്കമാകും; സംസ്ഥാനത്ത് രണ്ട് ലക്ഷം വൃക്ഷത്തൈകൾ നടും
കട്ടപ്പന: നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറി 12 വർഷം പൂർത്തിയാക്കിയതിന്റെ (2026 മേയ് 26) പശ്ചാത്തലത്തിൽ, ബിജെപിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.
പന്ത്രണ്ട് വർഷത്തെ വിശ്വാസം, വികസനം, ജനക്ഷേമം എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടികൾ നടക്കുകയെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല അറിയിച്ചു.
ലോക പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 വരെയാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സംസ്ഥാനത്തെ ഓരോ ബൂത്തിലും പത്ത് തൈകൾ വീതം നട്ടുകൊണ്ട് ആകെ രണ്ട് ലക്ഷം വൃക്ഷത്തൈകൾ പാർട്ടി പ്രവർത്തകർ വച്ചുപിടിപ്പിക്കും.
ഇടുക്കിയിൽ നാളെ തുടക്കം
ഇടുക്കി സൗത്ത് ജില്ലയിലെ വൃക്ഷത്തൈ നടീലിന്റെ ഔദ്യോഗിക ജില്ലാതല ഉദ്ഘാടനം ജൂൺ 4-ാം തീയതി (നാളെ) വൈകിട്ട് 4 മണിക്ക് കഞ്ഞിക്കുഴിയിൽ വച്ച് നടക്കും. ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിക്കുമെന്നും ജൂൺ അഞ്ചിന് എല്ലാ ബൂത്തിലും നേതാക്കൾ വൃത്ത തൈകൾ നടുമെന്നും ജില്ലാ നേതൃത്വം അറിയിച്ചു.











































































































