ജനനായകൻ പുറത്തിറങ്ങില്ലേ?, ചർച്ചയായി സംവിധായകന്റെ വാക്കുകൾ; ആശങ്കയോടെ വിജയ് ആരാധകർ

വിജയ് നായകനായി എത്തുന്ന തമിഴ് ചിത്രം ‘ജനനായകന്’ പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. സിനിമയ്ക്ക് നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ച് സംവിധായകൻ എച്ച് വിനോദ് പറഞ്ഞ വാക്കുകൾ ആണ് ആരാധകരെ ആശങ്കപ്പെടുത്തുന്നത്.
ജയറാം ചിത്രം ‘പരിമള ആന്‍ഡ് കോ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ജനനായകൻ എപ്പോള്‍ പുറത്തിറങ്ങും എന്ന ചോദ്യത്തിന് ‘സത്യം പറയാനുള്ള ധൈര്യം എനിക്കില്ല, അഥവാ ഞാനത് പറഞ്ഞാല്‍പോലും അത് പുറത്തുവിടാനുള്ള ധൈര്യം നിങ്ങള്‍ക്കുമുണ്ടാകില്ല’, എന്നായിരുന്നു വിനോദിന്റെ ഉത്തരം. എന്തുകൊണ്ടാണ് വിനോദ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ചിത്രം ഇനി ഒരിക്കലും വെളിച്ചം കാണില്ലേ എന്നാണ് ചിലർ ആശങ്ക ഉന്നയിക്കുന്നത്.
തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.
സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. സിനിമയ്ക്ക് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.







































































































