കാഞ്ഞിരപ്പള്ളി രൂപതാ സുവർണ്ണ ജൂബിലി വിശ്വാസജീവിത പരിശീലക സംഗമം

കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് കുമളി സെന്റ് തോമസ് ഫൊറോന പള്ളി അങ്കണത്തിൽ വിശ്വാസജീവിത പരിശീലക സംഗമം മെയ് 30, ശനിയാഴ്ച്ച നടത്തപ്പെടും. രാവിലെ 9:30 ന് കാഞ്ഞിരപ്പള്ളി രൂപത മുൻ മേലധ്യക്ഷൻ മാർ മാത്യു അറക്കൽ അർപ്പിക്കുന്ന പരിശുദ്ധ കുർബാനയോടുകൂടി രൂപത വിശ്വാസ ജീവിത പരിശീലക സംഗമം ആരംഭിക്കും.ആതിഥേയരായ കുമളി,അണക്കര ഫൊറോനകളുടെ നേതൃത്വത്തിൽ സംഗമത്തിന്റെ ക്രമീകരണങ്ങൾ പൂർത്തിയായി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി ജൂബിലി വിശ്വാസ ജീവിത പരിശീലക സംഗമം ഉദ്ഘാടനം ചെയ്യും. വിശ്വാസജീവിത പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും ഇടവകകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പര്യാപ്തമായ വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന “ലൈറ്റ്” (Light) എന്ന പുതിയ മൊബൈൽ ആപ്പിന്റെ ഉദ്ഘാടന കർമ്മവും പ്രസ്തുത സമ്മേളനത്തിൽ വച്ച് നടത്തപ്പെടും. രൂപതാ വികാരി ജനറാൾ റവ. ഡോ ജോസഫ് വെള്ളമറ്റം, റവ. ഡോ.സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ കുമളി ഫൊറോനാ വികാരി റവ.ഡോ. മാത്യു കല്ലറക്കൽ, രൂപത വിശ്വാസജീവിത പരിശീലന കേന്ദ്രം ഡയറക്ടർ റവ.ഡോ. തോമസ് വാളന്മനാൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ വിശ്വാസ ജീവിത പരിശീലകരുടെ ജൂബിലി മഹാസംഗമം ആഘോഷപൂർവ്വം നടത്തപ്പെടും. സമ്മേളനത്തിൽ രൂപതയുടെ വിവിധ ഫൊറോനകളിൽ നിന്നുള്ള വിശ്വാസ ജീവിത പരിശീലകരുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
2025 – 26 അധ്യയന വർഷത്തിൽ വിവിധ ഇനങ്ങളിൽ സമ്മാനങ്ങൾക്ക് അർഹരായവർക്കുള്ള സമ്മാനങ്ങളും ട്രോഫികളും പ്രസ്തുത സമ്മേളനത്തിൽ വച്ച് നൽകപ്പെടുന്നതാണ്. വിശ്വാസ ജീവിത പരിശീലന രംഗത്ത് 25,50 വർഷങ്ങൾ പൂർത്തിയാക്കിയ അധ്യാപകരെ ഈ സമ്മേളനത്തിൽ വച്ച് ആദരിക്കുന്നതുമാണ്.







































































































