പൂപ്പാറയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി

പുനരധിവാസം അര്‍ഹരായവര്‍ക്ക് മാത്രം: ജില്ലാ കളക്ടര്‍
പൂപ്പാറ ടൗണില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി പന്നിയാര്‍ പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിച്ച് നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ നേതൃത്വത്തിലായിരുന്നു നടപടി. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സേനയെയും വിന്യസിച്ചിരുന്നു. അനധികൃതമായി നിര്‍മ്മിച്ച 88 കെട്ടിടങ്ങളാണ് ദുരന്തനിവാരണ നിയമപ്രകാരം പൊളിച്ചുനീക്കിയത്. വ്യാപാര സ്ഥാപനങ്ങളും വീടുകളും ഇതിലുള്‍പ്പെടുന്നു.
മറ്റുഭൂമിയോ വീടോ ഇല്ലാത്ത 12 പേരെയാണ് പഞ്ചായത്ത് കണ്ടെത്തിയിട്ടുള്ളതെന്നും ഇവരുടെ പുനരധിവാസം മാത്രമേ സര്‍ക്കാര്‍ ഏറ്റെടുക്കൂ എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്ഥലം കൈയേറി നിര്‍മ്മിച്ചിട്ടുള്ള മൂന്നു നില കെട്ടിടങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പുനരധിവാസം നല്‍കാന്‍ കഴിയില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ച് അനധികൃത നിര്‍മാണം നടത്തിയവര്‍ക്ക് പുനരധിവാസത്തിന് അര്‍ഹതയില്ല. വേറെ ഒരു സ്ഥലത്തും ഭൂമിയോ വീടോ ഇല്ലാത്ത അര്‍ഹരായവരുടെ പുനരധിവാസം ഉറപ്പാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായി സഹകരിച്ച് ഇതിനാവശ്യമായ നടപടി സ്വീകരിക്കും.
അനധികൃതമായ നിര്‍മാണം അനുവദിക്കുന്നതിന് പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കും. വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള ചെലവ് ഉടമകളില്‍ നിന്ന് ഈടാക്കും. നീര്‍ച്ചാലുകളും പുഴകളും സംരക്ഷിക്കുന്നതിനാവശ്യമായ നിയമങ്ങള്‍ നിലവിലുണ്ട്. ഈ നിയമങ്ങള്‍ ലംഘിച്ച് നിര്‍മാണങ്ങള്‍ അനുവദിക്കുന്നത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകും. കഴിഞ്ഞ വര്‍ഷം കൂട്ടാറിലുണ്ടായ വെള്ളപ്പൊക്കം കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. ദുരന്ത സാധ്യതകള്‍ മുന്നില്‍ കണ്ട് ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. ഏറ്റെടുക്കുന്ന ഭൂമി പുഴയുടെ പുനരുജ്ജീവനം സാധ്യമാകുന്ന വിധത്തില്‍ വിനിയോഗിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
പുലര്‍ച്ചെ ആറു മണിയോടെയാണ് കൈയേറ്റമൊഴിപ്പിക്കല്‍ ആരംഭിച്ചത്. ശാന്തന്‍പാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. ദേവികുളം സബ്കളക്ടര്‍ വി.എം. ആര്യ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.പി. ദീപ, റവന്യൂ- തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൈയേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്‍കി.
ഉടുമ്പന്‍ചോല താലുക്ക് പൂപ്പാറ വില്ലേജില്‍ പൂപ്പാറ ടൗണില്‍ 56 വ്യക്തികളാണ് പന്നിയാര്‍ പുഴ പുറമ്പോക്ക്, റോഡ് പുറമ്പോക്ക് എന്നിവ കൈയേറി 88 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. താല്‍ക്കാലിക നിര്‍മ്മിതിയായി ആരംഭിച്ച കെട്ടിടങ്ങള്‍ പിന്നീട് കോണ്‍ക്രീറ്റ് കെട്ടിടങ്ങളാക്കി രൂപമാറ്റം വരുത്തുകയായിരുന്നു. 2022 ഒക്ടോബര്‍ 13 ന് അനധികൃത നിര്‍മ്മാണം നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയും കെട്ടിടങ്ങള്‍ നീക്കം ചെയ്യാന്‍ റവന്യ അധികാരികളെ ചുമതലപ്പെടുത്തി 2023 ജനുവരി 17 ന് ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവ് ശരിവെച്ചു.
2024 ഫെബ്രുവരി 7 ന് അന്നത്തെ ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ് നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘം ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കുകയും പൂര്‍ണ്ണമായും താമസത്തിന് മാത്രം ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ ഒഴികെയുള്ളവ പൂട്ടി സീല്‍ ചെയ്യുകയും താമസക്കാര്‍ക്ക് ഒഴിഞ്ഞു പോകുവാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
അനധികൃത നിര്‍മ്മാണങ്ങള്‍ പന്നിയാര്‍ പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്നുണ്ടെന്നും മഴക്കാലത്ത് വലിയ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ശാന്തന്‍പാറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവിട്ടിരുന്നു.
2026 ഫെബ്രുവരിയില്‍ 30 ദിവസത്തിനുള്ളില്‍ അനധികൃത നിര്‍മ്മിതികള്‍ സ്വയം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഈ കാലപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പിന്റെ നടപടി.
















































































































