ദേവികുളം മണ്ഡലം തിരഞ്ഞെടുപ്പ് ചെലവ് പരിശോധന

ഉടുമ്പന്‍ചോല, ദേവികുളം നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ അവസാനഘട്ട ചെലവ് പരിശോധന മൂന്നാറില്‍ നടന്നു. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക നമിത പട്ടേലിന്റെ മേല്‍നോട്ടത്തില്‍ നടന്ന പരിശോധനയില്‍, സ്ഥാനാര്‍ത്ഥികള്‍ സൂക്ഷിച്ചിരിക്കുന്ന ദൈനംദിന കണക്കുകള്‍ തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘം തയ്യാറാക്കിയ ഷാഡോ ഒബ്‌സര്‍വേഷന്‍ രജിസ്റ്ററുകളുമായി ഒത്തുനോക്കി. റാലികള്‍, വാഹന വാടക, പ്രചാരണ സാമഗ്രികള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ തിരഞ്ഞെടുപ്പ് ചെലവുകളും നിയമപരമായ പരിധിക്കുള്ളിലാണെന്ന് ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നു പരിശോധന.
ദേവികുളം, ഉടുമ്പന്‍ചോല മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും പ്രതിനിധികളും പരിശോധനയില്‍ പങ്കെടുത്തു. വോട്ടെണ്ണലിന് ശേഷം നടക്കുന്ന അന്തിമ കണക്ക് ഒത്തുനോക്കല്‍ പ്രക്രിയയ്ക്ക് കണക്കുകളുടെ കൃത്യത അനിവാര്യമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ പാലിക്കേണ്ട കര്‍ശനമായ രേഖപ്പെടുത്തലുകളെക്കുറിച്ച് ചെലവ് നിരീക്ഷക ഓര്‍മ്മിപ്പിച്ചു. ഓഡിറ്റിംഗില്‍ ഏതെങ്കിലും തരത്തിലുള്ള ചെലവുകള്‍ മറച്ചുവെച്ചതായി കണ്ടെത്തിയാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ഗുരുതരമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മൂന്നാമത്തെയും അവസാനത്തെയും ചെലവ് പരിശോധനയായിരുന്നു ഇത്.
















































































































