ക്രിസ്തീയ ജീവിതം വിശുദ്ധ കുർബാന കേന്ദ്രീകൃതമായിരിക്കണം: മാർ ജോൺ നെല്ലിക്കുന്നേൽ

ക്രിസ്തീയ ജീവിതം വിശുദ്ധ കുർബാന കേന്ദ്രീകരണമാകണമെന്ന് ഇടുക്കി രുപതാമത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടന്ന പെസഹാ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്റെ സ്നേഹത്തിന്റെ കൂദാശയാണ് വിശുദ്ധ കുർബാന. ജീവിതം വിശുദ്ധ കുർബാന കേന്ദ്രീകൃതമായാൽ സമൂഹത്തിൽ സ്നേഹ സംസ്കാരം രൂപീകൃതമാകും. വിശുദ്ധ കുർബാന ഈശോയുടെ സ്വയം ദാനവും ആത്മസമർപ്പണവുമാണ്. അനുദിന ജീവിതത്തിൽ വിശുദ്ധ കുർബാന അനുഭവം നമ്മെ സ്വയം ദാനത്തിലേക്കും ആത്മസമർപ്പണത്തിലേക്കും നയിക്കും. ദിവ്യകാരുണ്യത്തോട് ആഴമേറിയ വിശ്വാസവും ആശ്രയത്വബോധവും ഉള്ളവരായി വിശ്വാസ സമൂഹം വളരണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. കാലുകഴുകൽ ശുശ്രൂഷകൾക്കും അദ്ദേഹം കാർമികത്വം വഹിച്ചു
ഇടുക്കി രൂപത വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. അബ്രഹം പുറയാറ്റ് രൂപതാ കേന്ദ്രത്തിലെ മറ്റു വൈദികർ എന്നിവർ സഹകാർമികരായിരുന്നു.
















































































































