രഞ്ജിത്ത് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ട് പുറത്ത്

യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. രഞ്ജിത്ത് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ആളെന്ന് റിപ്പോർട്ടിൽ പരാമർശം. സമാന കൃത്യങ്ങളിൽ മുമ്പും ഉൾപ്പെട്ടയാളെന്നും പ്രതിയുടെ അറസ്റ്റ് അനിവാര്യമെന്നും റിപ്പോർട്ടിൽ പൊലീസ് പറയുന്നു.
ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കാരവാനിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് പരാതി. സാക്ഷികളുടെ മൊഴിയുടെയും മൊബൈൽ ടവർ അടക്കമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. സാഹചര്യ തെളിവുകൾ രഞ്ജിത്തിന് എതിരെന്നും റിമാൻഡ് റിപ്പോർട്ട്.
ഷൂട്ടിങ് സൈറ്റിൽ വെച്ച് അതിക്രമം നേരിട്ട യുവതി കരഞ്ഞുകൊണ്ട് പുറത്തേക്ക് വരികയായിരുന്നെന്നും ഷൂട്ടിങ് സൈറ്റിലുള്ളവർക്ക് ഇക്കാര്യങ്ങൾ അറിയാമെന്നും കമീഷണർ കാളിരാജ് മഹേഷ് പറഞ്ഞു. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് നടി കടന്നു പോയതെന്നും അദ്ദേഹം പറഞ്ഞു.
















































































































