കുടയത്തൂരില്‍ ഇനിയും ഉരുള്‍പൊട്ടലുണ്ടാകാന്‍ സാദ്ധ്യതയെന്ന് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട്


തൊടുപുഴ: കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായി കുട്ടിയടക്കം അഞ്ചംഗ കുടുംബം ദാരുണമായി മരണപ്പെട്ട കുടയത്തൂരില്‍ ഇനിയും ഉരുള്‍പൊട്ടലുണ്ടാകാന്‍ സാദ്ധ്യതയെന്ന് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട്.
ദുരന്തമുണ്ടായ പന്തപ്ലാവ് മേഖല താമസയോഗ്യമല്ലെന്നും ശക്തമായ മഴ പെയ്താല്‍ ഇനിയും ഇതിന് സമീപം വലിയ ഉരുള്‍പൊട്ടലിന് സാദ്ധ്യതയുണ്ടെന്നും ജില്ലാ ജിയോളജിസ്റ്റ് ജില്ലാ കളക്ടര്‍ ഷീബോ ജോര്‍ജിന് റിപ്പോര്‍ട്ട് കൈമാറി. ഇവിടെ മഴ കുറയുന്നത് വരെ താമസത്തിന് അനുയോജ്യമല്ല. ഇലവീഴാപൂഞ്ചിറയ്ക്ക് താഴെ അടൂര്മലയുടെ വടക്കേ ചരിവില്പ്പെട്ട സ്ഥലത്താണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് ജില്ലാ ജിയോളജിസ്റ്റ് സുനില്‍കുമാര്‍ പറഞ്ഞു. കുത്തനെ ചരിവുള്ള പാറയാണ് ഇവിടുത്തെ പ്രത്യേകത. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ പോലുള്ളവയുടെ കാര്യത്തില്‍ അതീവ അപകടകരമായ റെഡ് സോണില്പ്പെട്ടയിടമാണിത്. ഉരുളിന്റെ ഉത്സവ സ്ഥാനം പരിശോധിച്ചു. ഇവിടങ്ങളില്‍ വിള്ളലുള്ള പാറയാണ്. ഇവിടേക്ക് വലിയ തോതില്‍ വെള്ളമെത്തിയതോടെ പാറ തെന്നിനീങ്ങിയാണ് മേല്ണ്ണിനൊപ്പം വലിയ ഉരുള്‍പൊട്ടലിലേക്ക് നയിച്ചത്. ഇവിടെ രാത്രി 12 മുതല്‍ മൂന്ന് മണിക്കൂറോളം നിര്‍ത്താതെ കനത്തമഴ പെയ്തതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. കുത്തനെ ചരിവായതിനാല്‍ ഉരുളിന് വലിയ വേഗത കൈവരിക്കാനായി. ഇതിനൊപ്പം മുമ്ബിലുള്ള പാറയും കല്ലും മണ്ണും മരങ്ങളുമെല്ലാം വെള്ളത്തിനൊപ്പം ചേര്‍ന്നതോടെ ശക്തിയില്‍ താഴേക്ക് കുതിച്ചെത്തി. കോണ്‍ക്രീറ്റ് വീടിരുന്ന ഭാഗം തറയുടെ ഭാഗങ്ങള്‍ പോലും അവശേഷിപ്പിക്കാതെ തുടച്ച് നീക്കുകയും ചെയ്തു. വലിയൊരു ബോംബിന്റെ ശക്തിയിലാണ് ഉരുളെത്തിയതെന്നും ജിയോളജിസ്റ്റ് പറയുന്നു. ഒരിടത്തും കാണാത്ത തരത്തില്‍ യാതൊന്നും അവശേഷിപ്പിക്കാതെയാണ് ഉരുള്‍ കടന്ന് പോയത്. ഈ വീട്ടില്‍ തട്ടി ഉരുള്‍ രണ്ടായി തിരിഞ്ഞ് ഒഴുകിയതാണ് കോളനിയിലേക്ക് ഉരുളെത്താതിരിക്കാന് സഹായകമായത്. 60 കൊല്ലത്തിനിടെ ഈ മേഖലയില്‍ ഉരുള്‍പൊട്ടിയിട്ടില്ലെന്ന് നാട്ടുകാരും പറയുന്നു. കനത്തമഴയുള്ള സാഹചര്യത്തില്‍ ഇവിടം താമസ യോഗ്യമല്ല. ഇനിയും ഇതിന് സമീപത്തുള്ള പാറകള്‍ അടര്‍ന്ന് സമാനമായി തന്നെ ഉരുളായി താഴേക്ക് എത്തും. മറ്റിടങ്ങളിലും ഇതേ പ്രതിഭാസം കണ്ടിട്ടുണ്ട്. കൂട്ടിക്കലില്‍ ഉണ്ടായതിന് സമാനമായ ഉരുള്‍പൊട്ടലാണ് ഇവിടേയും ഉണ്ടായതെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി. 2018ല്‍ ഇതിലും ശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ പോലും ഇവിടെ ഇത്തരത്തിലൊരു പ്രശ്നമുണ്ടായിരുന്നില്ല.