ഏറ്റവും സംതൃപ്തിയോടെ നേരിടുന്ന തിരഞ്ഞെടുപ്പെന്ന്റോഷി അഗസ്റ്റിൻ

തന്റെ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിൽ ഏറ്റവും സംതൃപ്തിയോടെ നേരിടുന്ന തിരഞ്ഞെടുപ്പാണ് ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പെന്ന് റോഷി. ഇടുക്കി നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ റോഷി അഗസ്റ്റിൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.മണ്ഡലത്തിലുടനീളം നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് ജനം അംഗീകാരം നൽകും. മികച്ച നിലവാരത്തിലേക്ക് ഇവിടുത്തെ റോഡുകൾ ഉയർത്തി. 74 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചതോടെ അവശേഷിക്കുന്ന റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് മാറും. ഭൂ പ്രശ്നങ്ങൾ പരിഹരിച്ചതും ഏലം എന്ന് ലാൻഡ് രജിസ്റ്ററിൽ രേഖപ്പെടുത്തിയ ഭൂമിക്ക് പട്ടയവും ഷോപ്പ് സൈറ്റ് പട്ടയവും അടക്കം മണ്ഡലത്തിലെ ജനങ്ങളെ അലട്ടിയിരുന്ന ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിച്ചതായും റോഷി പറഞ്ഞു. ഇടുക്കി ഡെപ്യൂട്ടി കളക്ടർ (എൽ ആർ) അതുൽ സ്വാമിനാഥ് മുമ്പാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. രണ്ട് സെറ്റ് പത്രികയാണ് നൽകിയത്.ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, സിപിഐ മണ്ഡലം സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ, എൻസിപി ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ എന്നിവർക്കൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്.കൊലുമ്പൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് റോഷി പത്രികാ സമർപ്പണത്തിനായി ജില്ലാ കളക്ടറേറ്റിലേക്ക് പുറപ്പെട്ടത്. രാവിലെ വാഴത്തോപ്പ് കത്തീഡ്രൽ പള്ളിയിൽ കുർബാന കൂടിയതിന് ശേഷം ബിഷപ്പ് ഹൗസിലെത്തി ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിനെയും വികാരി ജനറാൾ മോൺ. ജോസ് കരിവേലി ഉൾപ്പെടെയുള്ളവരെ സന്ദർശിച്ച് അനുഗ്രഹം തേടി. തുടർന്ന് കരിമ്പൻ, മുളകുപള്ളി,
ഭൂമിയാകുളം പള്ളികളും
മഠങ്ങളിലും സന്ദർശനം നടത്തി.
പത്രിക സമർപ്പിച്ച ശേഷം കട്ടപ്പന, കാമാക്ഷി എന്നിവിടങ്ങളിൽ ആയിരുന്നു റോഷിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.
















































































































