പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമം തടയാൻ തോട്ടം മേഖലയിൽ ടാസ്ക് ഫോഴ്സ്
വണ്ടിപ്പെരിയാർ∙ തോട്ടം മേഖലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു നേരെ അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിനു ഒപ്പം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തംകൂടി ഉറപ്പാക്കിയാകും ടാസ്ക് ഫോഴ്സ് പ്രവർത്തനം.
തോട്ടം മേഖലയിലെ കുട്ടികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനായി ഇവിടങ്ങൾ കേന്ദ്രീകരിച്ചു ക്ലസ്റ്ററുകൾ രൂപീകരിച്ചു പ്രവർത്തനം നടത്തും. നിലവിൽ ലയങ്ങളിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു കഴിയുന്നില്ല. ഇവർ കഴിയുന്ന ലയങ്ങളിൽ പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കുന്നതിനു പോലും മതിയായ സാഹചര്യങ്ങൾ ഇല്ലെന്ന് കമ്മിഷൻ കണ്ടെത്തി. കുട്ടികളുടെയും മാതാപിതാക്കളുടെയും ഇടയിൽ ബോധവൽക്കരണം, കൗൺസലിങ് എന്നിവ തുടർച്ചയായി സംഘടിപ്പിക്കാനും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. ചുരക്കുളത്ത് എസ്റ്റേറ്റ് ലയത്തിൽ 6 വയസ്സുകാരി ക്രൂരപീഡനത്തിനിടയിൽ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തിൽ അയൽവാസിയായ യുവാവ് പിടിയിലാവുകയും ചെയ്തു. ഇതിനു പുറമേ 12 കിലോമീറ്റർ അകലെ കരടിക്കുഴിയിൽ പതിനേഴുകാരി ജീവനൊടുക്കിയതും പീഡനത്തെ തുടർന്നാണെന്ന് കണ്ടെത്തി. കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടി ജീവനൊടുക്കിയെങ്കിലും അന്വേഷണങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ ദിവസം ആണ് പ്രദേശവാസിയായ യുവാവ് പിടിയിലായത്. ഇതിനിടെ വണ്ടിപ്പെരിയാറിൽനിന്നു തന്നെ ഇരട്ട സഹോദരിമാരെ തമിഴ്നാട്ടിലേക്കു തട്ടിക്കൊണ്ടു പോവുകയും ചെയ്തു. ചെന്നൈയിൽ എത്തിയാണ് പൊലീസ് സംഘം ഇവരെ മോചിപ്പിച്ചത്.
കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ അടുപ്പമുണ്ടാക്കിയശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രി എത്തി തട്ടിക്കൊണ്ടു പോയി തമിഴ്നാട്ടിലേക്കു കടത്താൻ ശ്രമിച്ച സംഭവവും അടുത്തിടെ എസ്റ്റേറ്റ് മേഖലയിലുണ്ടായി. ഇത്തരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളെ അതീവ ഗൗരവത്തോടെ കണ്ടാണു ബാലാവകാശ സംരക്ഷണ കമ്മിഷൻ ടാസ്ക് ഫോഴ്സ് രൂപീകരണം ഉൾപ്പെടെ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.