ജെൻ സി പ്രക്ഷോഭത്തിന് ശേഷം ഇതാദ്യം; നേപ്പാൾ ഇന്ന് തെരഞ്ഞെടുപ്പ് ചൂടിലേക്ക്

സർക്കാരിനെ അട്ടിമറിച്ച ജെൻ സി പ്രക്ഷോഭങ്ങൾക്ക് ശേഷം നേപ്പാൾ ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്. സുശീല കർക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് നിലവിൽ നേപ്പാൾ ഭരിക്കുന്നത്. നിർഭയരായി വോട്ട് ചെയ്യാൻ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കി നേപ്പാളിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
നേരത്തെ ജെൻ സി പ്രക്ഷോഭങ്ങളുടെ ഭാഗമായി 77 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 275 അംഗ പാർലമെൻ്റിലേക്ക് 165 പേരെയാണ് നേരിട്ട് തെരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവകാശമുള്ളത്. മറ്റു 110 പാർലമെൻ്റ് അംഗങ്ങളെ ആനുപാതിക പ്രാതിനിധ്യത്തിലൂടെയും തെരഞ്ഞെടുക്കും.
ഒരു ദശാബ്ദത്തോളം ഹിമാലയൻ രാജ്യം ഭരിച്ചിരുന്ന നേപ്പാളി കോൺഗ്രസിലെ ഷേർ ബഹാദൂർ ദ്യൂബ, കമ്മ്യൂണിസ്റ്റ് പാർട്ടി സിപിഎൻ-യുഎംഎല്ലിലെ കെ.പി. ശർമ ഒലി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെൻ്റർ) അല്ലെങ്കിൽ സിപിഎൻ (എംസി)യിലെ പുഷ്പ കമാൽ ദഹൽ എന്നിവർക്കുള്ള ഒരു പരീക്ഷണ ഘട്ടമായാണ് ഈ തെരഞ്ഞെടുപ്പ് കണക്കാക്കപ്പെടുന്നത്. ഈ നേതാക്കൾക്ക് എതിരെയെല്ലാം കടുത്ത ജനകീയ പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നത്.
മുൻ മാധ്യമ പ്രവർത്തകനും, രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയുടെ ജനപ്രിയ യുവ നേതാവുമായ റാബി ലാമിച്ചനെ ഉൾപ്പെടെയുള്ള നിരവധി യുവ നേതാക്കളും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി പദത്തിൽ നിന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട കെ.പി. ശർമ ഒലിക്ക്, ഈസ്റ്റേൺ നേപ്പാളിലെ ജാപ്പ 5ൽ കനത്ത വെല്ലുവിളിയാണ് രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയുടെ നേതാവായ ബലേന്ദ്ര ഷാ ഉയർത്തുന്നത്. യുവജന പ്രക്ഷോഭങ്ങളിലൂടെ നേതൃനിരയിലേക്ക് ഉയർന്നുവന്ന മുൻ കാഠ്‌മണ്ഡു മേയറായ ബലേന്ദ്ര ഷായ്ക്ക് 35 വയസ് മാത്രമാണ് പ്രായം. റാപ്പർ ഗായകനായിരുന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിൽ സജീവമാകുകയായിരുന്നു.
നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ പുതിയ അധ്യക്ഷനായ ഗഗൻ താപ്പയും പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടാണ് മത്സരിക്കുന്നത്. 49കാരനായ അദ്ദേഹം തെക്കൻ നേപ്പാളിലെ സർലാഹി 4ൽ നിന്നാണ് മത്സരിക്കുന്നത്.







































































































































