എട്ടാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ തുടങ്ങിയ പ്രണയം 22ാം വയസ്സില്‍ അവസാനിപ്പിച്ചതാണ് പ്രതിശ്രുത വരനെ അഴിക്കുള്ളിലാക്കുന്നത്

മലപ്പുറം: എട്ടാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ തുടങ്ങിയ പ്രണയം 22ാം വയസ്സില്‍ അവസാനിപ്പിച്ചതാണ് പ്രതിശ്രുത വരനെ അഴിക്കുള്ളിലാക്കുന്നത്. കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലെ അറസ്റ്റാണ് പൊലീസ് നടത്തിയത്. മാനസിക പീഡനത്തിനും ആത്മഹത്യാ പ്രേരണ കുറ്റത്തിനും പ്രതിശ്രുത വരനായ യുവാവാണ് അറസ്റ്റിലായത്. നോര്‍ത്ത് കീഴുപറമ്ബ് കൈതമണ്ണില്‍ അശ്വിനെയാണ് അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്. വിദേശത്തു നിന്ന് മടങ്ങി എത്തിയ ഉടനെയായിരുന്നു അറസ്റ്റ്.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് തൃക്കളിയൂര്‍ സ്വദേശിനി മന്യയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അരീക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയുടെ കുടുംബം മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിശ്രുതവരന്‍ മന്യയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തുകയായിരുന്നു.
പത്തു വര്‍ഷത്തോളം നീണ്ട പ്രണയം കൈവിട്ടതില്‍ മനംനൊന്തായിരുന്നു മന്യ വീട്ടിലെ കിടപ്പുമുറിയില്‍ ആറു മാസം മുന്‍പ് തൂങ്ങിമരിച്ചത്. എട്ടാം ക്ലാസ് മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം 2021 സെപ്റ്റംബറില്‍ ഇരു കുടുംബങ്ങളും ചേര്‍ന്നു നടത്തി. തുടര്‍ന്ന് ജോലിയാവശ്യാര്‍ഥം ഗള്‍ഫിലേക്കു പോയ അശ്വിന്‍ പല കാരണങ്ങള്‍ പറഞ്ഞ് മന്യയുമായി ഫോണില്‍ വഴക്കിട്ടശേഷം തെറ്റിപ്പിരിയുകയായിരുന്നു. ഫോണിലൂടെ വഴക്കിട്ട ശേഷം വിവാഹബന്ധത്തില്‍നിന്ന് അശ്വിന്‍ പിന്മാറിയതില്‍ മനംനൊന്ത് മന്യ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.
വിദേശത്തായിരുന്ന അശ്വിന്‍ വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മന്യയുടെ ഫോണ്‍ പരിശോധിച്ചതില്‍ ഇരുവരുടെയും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും പൊലീസിനു ലഭിച്ചിരുന്നു. വിദേശത്തു നിന്നെത്തിയ പ്രതിയെ അരീക്കോട് ഇന്‍സ്‌പെക്ടര്‍ എം.അബ്ബാസലിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയില്‍ റിമാന്‍ഡ് ചെയ്തു.
മന്യയുടെ ഫോണ്‍ പരിശോധിച്ചതില്‍ ഇരുവരുടേയും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും പൊലീസിന് ലഭിച്ചു. ഇതാണ് വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഉടനെ അറസ്റ്റു ചെയ്യാനുള്ള കാരണം.
















































































































