പാമ്പാടുംപാറയിലേക്ക് ബസ് ഓടണം; പ്രതിസന്ധിയിലായി വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും
നെടുങ്കണ്ടം ∙ പാമ്പാടുംപാറ മേഖലയിലേക്ക് ബസ് ക്ഷാമം രൂക്ഷം. പാമ്പാടുംപാറയോട് ചേർന്ന ഗ്രാമീണ മേഖലയിലെ ജനങ്ങൾ യാത്രാ ക്ലേശത്തിൽ. കോവിഡ് കാലത്തിന് ശേഷം സ്കൂളും കോളജും തുറന്നതോടെ പ്രതിസന്ധിയിലായത് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും. സ്കൂളുകൾ പൂർണമായി തുറക്കുന്നതിന് മുൻപ് അടിയന്തരമായി യാത്ര സൗകര്യം ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഹൈറേഞ്ച് മേഖലയിൽ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന കോളജും സ്കൂളുകളും പാമ്പാടുംപാറ നെടുങ്കണ്ടം മേഖലയിലുണ്ട്. പാമ്പാടുംപാറയിലാണ് ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും നെടുങ്കണ്ടത്തേക്കും കട്ടപ്പനയിലേക്കും പോകാൻ യാത്ര സൗകര്യം കുറവായതിനാൽ ബസുകളെയാണ് ജനങ്ങൾ കൂടുതലും ആശ്രയിക്കുന്നത്. തൊഴിലാളികളെ കൊണ്ടുപോകുന്ന ജീപ്പുകളും ഓട്ടോറിക്ഷകളും മാത്രമാണ് ആശ്രയം. നെടുങ്കണ്ടം ഭാഗത്തു നിന്നും രാവിലെ 6.45 നു ഒരു ബസ് പോയിക്കഴിഞ്ഞാൽ 10.35 നു ശേഷമേ ബസുള്ളു.
എംഇഎസ് കോളജിലേക്ക് വരാൻ കട്ടപ്പന പുളിയന്മല ഭാഗത്തുള്ള വിദ്യാർഥികൾക്കു രൂക്ഷമായ യാത്രാ ക്ലേശമാണ്. അതുപോലെ തന്നെ കട്ടപ്പനയിൽ നിന്നു 4.20 നു ശേഷം യാത്രാ സൗകര്യം ഇല്ല. അധികാരികളുടെ ഭാഗത്തു നിന്നും ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാർഥികളും നാട്ടുകാരും അടങ്ങിയ പൗര സമിതിക്ക് രൂപം നൽകി. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് പാമ്പാടുംപാറ പൗര സമിതി ആവശ്യപ്പെട്ടു.
കുമളി മൂന്നാർ സംസ്ഥാന പാതയിലാണ് പാമ്പാടുംപാറ ടൗൺ സ്ഥിതി ചെയ്യുന്നത്. ഗ്രാമീണ മേഖലയിലെ ജനങ്ങൾ പാമ്പാടുംപാറയിൽ എത്തിയാണ് സമീപ പ്രദേശങ്ങളിലേക്ക് പോകുന്നത്. കട്ടപ്പന–പാമ്പാടുംപാറ–നെടുങ്കണ്ടം റോഡിൽ സ്കൂൾ സമയത്ത് 2 കെഎസ്ആർടിസി ബസെങ്കിലും അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇടവിട്ടുള്ള സമയത്തും കെഎസ്ആർടിസി ബസ് സർവീസ് നടത്തിയാൽ നാട്ടുകാർക്ക് നിലവിലുള്ള യാത്രാ ക്ലേശത്തിനു പരിഹാരമുണ്ടാകും.