മുംബൈ അടക്കമുള്ള 29 കോര്‍പറേഷനുകളില്‍ 25ലും ബിജെപി സഖ്യം അധികാരത്തിലേക്ക്; സമ്പൂര്‍ണചിത്രം ഇങ്ങനെ

മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ അന്തിമ കണക്ക് വന്നതോടെ ബിജെപിക്ക് വന്‍ നേട്ടം. മുംബൈ അടക്കം അകെയുള്ള 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 25 ലും ബിജെപി സഖ്യം അധികാരം പിടിച്ചു. മുംബൈ കോര്‍പ്പറേഷനിലേക്ക് ജയിച്ചവരില്‍ മൂന്ന് മലയാളികളും ഉണ്ട്. ആര്‍എസ്എസ് ശക്തി കേന്ദ്രമായ നാഗ്പൂരില്‍ മുസ്ലീം ലീഗ് നാല് സീറ്റ് ജയിച്ചു.
മുംബൈയില്‍ 89 സീറ്റ് നേടിയാണ് ബിജെപി ചരിത്രത്തിലാദ്യമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ശിന്‍ഡെ വിഭാഗം 29 സീറ്റ് നേടിയതോടെ കേവല ഭൂരിപക്ഷത്തിനുള്ള 114 എന്ന സഖ്യ മറികടന്നു. 65 സീറ്റിലേക്ക് താഴ്‌ന്നെങ്കിലും വന്‍ വീഴ്ച ഒഴിവാക്കാന്‍ മറുവശത്ത് ഉദ്ദവ് താക്കറെയ്ക്ക് കഴിഞ്ഞു എന്നതാണ് അന്തിമ ഫലം കാണിക്കുന്നത്. പാര്‍ട്ടി പിളര്‍ത്തിയ ശിന്‍ഡെയോടും ബിജെപിയോടും ഒരുപോലെ പോരാടിയാണ് ഉദ്ദവ് രണ്ടാമത്തെ വലിയ കക്ഷിയായത്.പ്രതിപക്ഷ സഖ്യമില്ലാതെയായിരുന്നു ഈ പോരാട്ടം. കോണ്‍ഗ്രസാവട്ടെ 24 സീറ്റും നേടി. ചുരുക്കത്തില്‍ മുംബൈയില്‍ അധികാരം കിട്ടിയെങ്കിലും വമ്പന്‍ വിജയമാക്കി മാറ്റാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. പൂനെയില്‍ പവാര്‍ കുടുംബത്തിനാണ് വന്‍ തിരിച്ചടിയേറ്റത്. പൂനെയിലും പിപ്രി ചിന്‍ച് വാദിലും ഇരു എന്‍സിപികളും ഒന്നിച്ചെങ്കിലും ബിജെപിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു.പൂനെയില്‍ ബിജെപി 119 സീറ്റ് നേടിയപ്പോള്‍ ഇരു എന്‍സിപികളും നേടിയത് വെറും 30 സീറ്റ്. ശക്തികേന്ദ്രത്തിലെ വന്‍ വീഴ്ചയാണിത്.
ഇരിങ്ങാലക്കുടക്കാരന്‍ ജഗദീഷ് തൈവളപ്പിലാണ് ധാരാവിയിലെ രണ്ടാം പോരാട്ടത്തിലും ജയിച്ച് കയറിയത്. ഉദ്ദവ് വിഭാഗം സ്ഥാനാര്‍ഥിയാണ്.അന്ധേരി വെസ്റ്റില്‍ മെഹര്‍ മുഹ്‌സിന്‍ ഹൈദറും കോണ്‍ഗ്രസ് ടിക്കറ്റില്‍ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. ഗൊരേഗാവില്‍ ബിജെപി ടിക്കറ്റില്‍ ജയിച്ച ആറ്റിങ്ങല്‍ സ്വദേശിന് ശ്രീകലാ പിള്ളയാണ് ജയിച്ച മൂന്നാമത്തെ മലയാളി. നാഗ്പൂരില്‍ മത്സരിച്ച ആറില്‍ നാല് സീറ്റില്‍ ജയിക്കാനായത് മുസ്ലിം ലീഗിന് അപ്രതീക്ഷിത സന്തോഷമായി. സംസ്ഥാനത്താകെ 16 സീറ്റിലാണ് പാര്‍ട്ടി മത്സരിച്ചിരുന്നത്.













































































