ഫെബ്രുവരി 12-ലെ പണിമുടക്കിൽ ബിഎംഎസ് പങ്കെടുക്കില്ല; രാഷ്ട്രീയ പ്രേരിത സമരങ്ങളെ തള്ളിക്കളയുമെന്നും BMS

ഫെബ്രുവരി 12-ലെ പണിമുടക്കിൽ ബിഎംഎസ് പങ്കെടുക്കില്ല; രാഷ്ട്രീയ പ്രേരിത സമരങ്ങളെ തള്ളിക്കളയുമെന്നും BMS. ഫെബ്രുവരി 12-ന് ചില കേന്ദ്ര ട്രേഡു യൂണിയനുകളും, സംയുക്ത കിസാൻ മോർച്ചയും ചേർന്ന് പ്രഖ്യാപിച്ചിരിക്കുന്ന പൊതുപണിമുടക്കിൽ നിന്നും ഭാരതീയ മസ്ദൂർ സംഘം(ബി.എം.എസ്) വിട്ടു നിൽക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. തികച്ചും രാഷ്ട്രീയ പ്രേരിതമായ ലക്ഷ്യങ്ങളോടെ ആഹ്വാനം ചെയ്‌തിട്ടുള്ള ഈ സമരത്തെ ബിഎംഎസ് ഒരു കാരണവശാലും പിന്തുണക്കില്ലെന്ന് വ്യക്തമാക്കുന്നു.
പുതിയ നാല് ലേബർ കോഡുകളിൽ വേജ് കോഡ്, സോഷ്യൽ സെക്യൂരിറ്റി കോഡ് എന്നീ രണ്ടു കോഡ്‌കളും ചരിത്രപരവും, വിപ്ലവകരവുമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്നു സംഘടന വിലയിരുത്തുന്നു. മറ്റു രണ്ടു ചട്ടങ്ങളിലെ ചില വ്യവസ്ഥകളെ സംബന്ധിച്ച ആശങ്കകൾ കഴിഞ്ഞ നവംബർ 13, 21 തീയതികളിൽ കേന്ദ്ര തൊഴിൽ മന്ത്രിയുമായി നടത്തിയ ചർച്ചകളിൽ ബിഎംഎസ് ഉന്നയിക്കുകയും, അതിന്മേൽ ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയ സാഹചര്യത്തിലാണ് ചട്ടങ്ങൾ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തെ സംഘടന സ്വാഗതം ചെയ്യുന്നതായും BMS നേതാക്കൾ പറഞ്ഞു.













































































