കട്ടപ്പനയുടെ വികസന നായകൻ മൺമറഞ്ഞിട്ട് 45 വർഷം

കട്ടപ്പനക്കാർ മറന്നുപോയ, എന്നാൽ ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു മഹത് വ്യക്തി ഇന്ന് കാണുന്ന കട്ടപ്പനയുടെ മുഴുവൻ വികസനത്തിനും അസ്ഥിവാരമിട്ട, 1964 മുതൽ 1973 വരെ കട്ടപ്പന പള്ളിയുടെ വികാരിയായിരുന്ന ഫാ.ജോസഫ് മാപ്രേക്കരോട്ട് എന്ന വൈദിക ശ്രേഷ്ഠൻ നമ്മെ വിട്ടുപിരിഞ്ഞ് സ്വർഗ്ഗീയ യാത്ര പോയത് 1981 ജനുവരി 26നാണ്. അച്ചനെപ്പോലെ സമാനതകളില്ലാത്ത ഒരു ധിഷണാശാലിയെ ലഭിച്ചില്ലായിരുന്നെങ്കിൽ കട്ടപ്പന ഇന്നു കാണുന്ന കട്ടപ്പന ആവുകയില്ലായിരുന്നു ഒരിക്കലും. അച്ചൻ്റെ ഏറ്റവും മഹത്തായ സേവനം കട്ടപ്പനയിൽ സെൻ്റ് ജോൺസ് ആശുപത്രി സ്ഥാപിതമായതാണ്. സെൻ്റ് ജോൺസ് ആശുപത്രി അനുവദിച്ചത് കട്ടപ്പനയിലല്ല, തെക്കൻ തിരുവിതാംകൂറിലെ അമ്പൂരിയിലാണ്. ചങ്ങനാശ്ശേരി രൂപതയുടെ വികാരി ജനറാൾ അന്ന് അതിപ്രശസ്തനായിരുന്ന മോൺ.എൽജെ ചിറ്റൂർ ആയിരുന്നു. അച്ചൻ അമ്പൂരിക്കു വേണ്ടി നിലപാടെടുത്തു. അച്ചൻ്റെ സ്വാധീനവലയം ഭേദിച്ച് മാപ്രക്കരോട്ടച്ചൻ ആശുപത്രി കട്ടപ്പനയിൽ സ്ഥാപിച്ചു. അന്നത്തെ രീതി വച്ച് ഒരു വികാർ ജനറലിൻ്റെ സ്വാധീനം ഒരു വൈദികൻ മറികടക്കുക എന്നത് അചിന്ത്യമാണ്.(കട്ടപ്പനയിൽ ആശുപത്രി സ്ഥാപിതമായതിനു ശേഷവും കുറേക്കാലം ജർമ്മനിയിൽ നിന്നും മരുന്നും ഉപകരണങ്ങളും അമ്പൂരി വിലാസത്തിൽ എത്തിയിരുന്നു.)
ആശുപത്രിക്ക് സ്ഥലം വാങ്ങാൻ കട്ടപ്പന പള്ളിക്ക് സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നിനാൽ കാഞ്ഞിരപ്പള്ളിയിലും മറ്റുമുള്ള അച്ചൻ്റെ സുഹൃത്തുക്കളിൽ നിന്നുമാണ് അതിനുള്ള പണം അച്ചൻ സംഘടിപ്പിച്ചത്.( ഇവിടുത്തെ ചില പ്രമാണിമാർ കാശു കൊടുക്കാമെന്ന് അച്ചന് വാക്കു കൊടുത്തതുകൊണ്ടാണ് അച്ചൻ സ്ഥലത്തിന് അച്ചാരം കൊടുത്തത്.എന്നാൽ സമയമായപ്പോൾ അവർ കാലുവാരിക്കളഞ്ഞു. _ രായ്ക്കു രായ്മാനം അച്ചൻ കാഞ്ഞിരപ്പള്ളിയിൽ പോയി കാശുണ്ടാക്കിക്കൊണ്ടുവന്നു ഇടപാടു തീർത്തു എന്നും പറഞ്ഞു കേട്ടിട്ടുണ്ട്)
കുമ്പുക്കൽ പുരയിടം വാങ്ങി അവിടെയാണ് ആശുപത്രി തുടങ്ങിയത് (1968 ഡിസംബർ 8 ന്). ആശുപത്രിയിലെ ഡോക്റ്റർക്കു താമസിക്കാൻ പണിത കെട്ടിടമാണ് ഇന്നത്തെ സെൻ്റ് മാർത്താസ് മഠം. കുമ്പുക്കൽ പുരയിടത്തിൽ ആശുപത്രി സ്ഥാപിതമായെങ്കിലും പിന്നീടവിടം പോരാതെ വന്നു. കൂടുതൽ സ്ഥലം ലഭ്യമല്ലാതെ വന്നു.(അതിനും കാരണം അയൽവാസികളുടെ സ്വാർത്ഥത എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്).
അപ്പോൾ പള്ളിയിലെ കൈക്കാരനായിരുന്ന പൂമറ്റം കുഞ്ഞേട്ടനോട് (ജോസ് പൂമുറ്റം) അച്ചൻ പറഞ്ഞു, ‘കുഞ്ഞേ പണി പാളുമല്ലോടാ, ആശുപത്രി പോകും സ്ഥലം കിട്ടത്തില്ല’ “അച്ചോ എൻ്റെ സ്ഥലം തരാം, അങ്ങോട്ട് ആശുപത്രി മാറ്റാമോ?” അച്ചനും കുഞ്ഞേട്ടനും കൂടി കുഞ്ഞേട്ടൻ്റെ അയൽക്കാരെ ഒക്കെ ആശുപത്രി വന്നാലുള്ള ഗുണമൊക്കെ പറഞ്ഞു മനസ്സിലാക്കിയാണ് ഇപ്പോൾ സെൻ്റ് ജോൺസ് പ്രവർത്തിക്കുന്ന സ്ഥലം വാങ്ങിയത്. സെൻ്റ് ജോൺസ് ആശുപത്രി കെട്ടിടം പണിയുന്നതിതിനും മറ്റുമായി ജർമ്മനിയിൽ നിന്നും സാമ്പത്തിക സഹായം ലഭ്യമായപ്പോൾ വിദേശനാണയ വിനിമയാധികാരമുള്ള ബാങ്ക് കട്ടപ്പനയിൽ ഇല്ലാതിരുന്നതിനാൽ അച്ചൻ കൊണ്ടുവന്നതാണ് കൊച്ചിൻ ബാങ്ക്.(കൊച്ചിൻ ബാങ്ക് ഇപ്പോഴില്ല – സ്റ്റേറ്റ് ബാങ്കിൽ ലയിച്ചു). വി റ്റി സെബാസ്റ്റ്യൻ എം എൽ ഏ ആവുകയും, ഇടുക്കി ജില്ല രൂപീകൃതമാവുകയും ചെയ്തപ്പോൾ നിരവധി സർക്കാർ ഓഫീസുകൾക്ക് കട്ടപ്പനയിൽ വരാൻ അവസരമുണ്ടായി. എന്നാൽ കട്ടപ്പനയുടെ അന്നത്തെ ശാപം (ഇന്നത്തെയും) സർക്കാർ ഓഫീസുകൾക്ക് കെട്ടിടം നൽകാൻ സ്വകാര്യ വ്യക്തികൾ തയ്യാറായിരുന്നില്ല എന്നതാണ്. – കുറഞ്ഞ വാടകയും നികുതി ഭാരവും തന്നെ കാരണം. കട്ടപ്പനയിൽ സബ്ബ് രജിസ്ട്രാർ ഓഫീസു തുടങ്ങാൻ ആഴ്ചകൾ മാത്രമെടുത്ത് അച്ചൻ കെട്ടിടം പണിതു കൊടുത്തു. ഉയർന്ന സർക്കാർ ഉദ്യോഗസ്ഥന്മാരുമായി അച്ചനു വലിയ ബന്ധമായിരുന്നു.(അവരൊക്കെ അന്ന് കോട്ടയം എറണാകുളം ഓഫീസുകളിലാണ് ) പോസ്റ്റൽ ഡിപ്പാർട്ടുമെൻ്റിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കട്ടപ്പന ബ്രാഞ്ച് പോസ്റ്റോഫീസ് സബ് പോസ് റ്റോഫീസാക്കി. പുതിയ കെട്ടിടം പണിതാണ് സൗകര്യമുണ്ടാക്കിയത്. ടെലിഫോൺസിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കട്ടപ്പന ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിച്ചു. കട്ടപ്പനയിൽ ജില്ലാ എംപ്ലോയ്‌മെൻറ് എക്സ്ചേഞ്ച് സ്ഥാപിച്ചതും അച്ചൻ മുൻകൈ എടുത്താണ്. 1964 ൽ അച്ചൻ കട്ടപ്പനയിൽ വരുമ്പോൾ ഇന്നാട്ടിൽ വൈദ്യുതിയില്ല അച്ചൻ മുൻകൈ എടുത്ത് ജനകീയ കമ്മറ്റി ഉണ്ടാക്കി 1966-ൽ കട്ടപ്പനയിൽ വൈദ്യുതി കൊണ്ടുവന്നു. കട്ടപ്പന വികസിക്കണമെങ്കിൽ സർക്കാർ ഓഫീസുകൾ വരണം എന്ന ചിന്ത ജനങ്ങളിൽ ഉണ്ടാക്കിയത് അച്ചനാണ്. കട്ടപ്പന സെൻറ് ജോർജ് ഹൈസ്ക്കൂളിന് പുതിയ കെട്ടിടം, കട്ടപ്പന – വള്ളക്കടവ് റോഡിൻ്റെ നിർമ്മാണം, ഒസ്സാനം സ്കൂളിൻ്റെ സ്ഥാപനം ഒക്കെ അച്ചൻ്റെ ക്രാന്തദർശിത്വത്തിൻ്റെ ഉല്പന്നങ്ങളാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ചൈതന്യമുൾക്കൊണ്ടു കൊണ്ട് ലളിതമായ ശൈലിയിൽ പഴയ ഗോഥിക്ക് റോമൻ ശൈലിയിൽ നിന്ന് മാറി രൂപകല്പന ചെയ്ത് നിർമ്മിച്ചതാണ് കട്ടപ്പന സെൻറ് ജോർജ് ദേവാലയം. (ഇന്നത്തെ പുതുതലമുറയ്ക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിലും അന്നത്തെ വത്തിക്കാൻ കൗൺസിലിൻ്റെ ചൈതന്യത്തിന് അനുരൂപമായിരുന്നതിനാൽ കട്ടപ്പന പള്ളി നിരവധി ദേവാലയങ്ങളുടെ നിർമ്മിതിക്ക് മാതൃകയായിട്ടുണ്ട്. ഈ നിർമ്മാണങ്ങളൊക്കെ നടക്കുന്ന കാലത്ത് കട്ടപ്പനയിൽ ചുടുകട്ട ലഭ്യമായിരുന്നില്ല. വൻ വിലയും താങ്ങാനാവാത്ത ലോറിക്കൂലിയും കൊടുത്ത് നാട്ടിൽ നിന്നു കൊണ്ടുവരണമായിരുന്നു. കുമ്പുക്കൽ പുരയിടത്തിൽ ചുടുകട്ട കളമുണ്ടാക്കി അവിടെ ഇഷ്ടിക ചുട്ടെടുത്താണ് അച്ചൻ ഈ നിർമ്മിതികളൊക്കെ നടത്തിയത്.( ആശുപത്രി കെട്ടിടം ഉൾപ്പെടെ)
കട്ടപ്പന പള്ളിയുടെ നിർമ്മാണത്തിന് ചെലവായത് രണ്ടേകാൽ ലക്ഷം രൂപ മാത്രമാണ് എന്നറിയുമ്പോഴാണ് ഇതിനു പുറകിലെ അധ്വാനത്തിൻ്റെ വില നാമറിയുന്നത്. ഇതിനൊക്കെ ഇടയ്ക്ക് പള്ളിയിലെ കൃഷി കാര്യങ്ങളും അച്ചൻ നോക്കി നടത്തിയിരുന്നു. ഊണില്ലാതെ, ഉറക്കമില്ലാതെ, നിരന്തര യാത്ര ചെയ്ത്, അയ്യപ്പൻകോവിലിൽ നിന്ന് കട്ടപ്പനയ്ക്ക് ആളുകൾ നടന്നു വന്നിരുന്ന ഒരു കാലഘട്ടത്തിൽ ഇതൊക്കെ ഈ നാടിനു വേണ്ടി ചെയ്തു തന്ന ഒരു വൈദികൻ – അദ്ദേഹത്തെ ഇന്നത്തെ തലമുറയ്ക്കു അറിഞ്ഞുകൂടാ. അറിഞ്ഞു കൂടാ എന്നത് ക്ഷമിക്കാം. പക്ഷേ മാപ്രക്കരോട്ടച്ചനെപ്പോലുള്ളവരെ വിസ്മൃതിയിലേയ്ക്ക് തള്ളിവിട്ട്, കട്ടപ്പനയുടെ വികസനത്തിൻ്റെ പിതൃത്വം മറ്റു ചിലരിൽ അവരോധിക്കുന്ന പുതു തലമുറ ചരിത്രകാരന്മാരുടെ അജ്ഞതയാണ് ഇതിനു കാരണം













































































