കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ

കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. ദേശീയ റോഡ് സുരക്ഷാ മാസാചാരണം 2026-നോടനുബന്ധിച്ച് സംസ്ഥാനതല കാൽനട സുരക്ഷാ ക്യാമ്പയിൻ്റെ ഭാഗമായി കരിങ്കുന്നം ടൗണിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ട്രാഫിക് നിയന്ത്രിച്ചു. കാൽനടയാത്രക്കാരുടെ സുരക്ഷയും അവബോധവും മുൻനിർത്തി കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻ സ്കൂളിലെ കേഡറ്റുകളാണ് ടൗണിലിറങ്ങിയത്.
വർദ്ധിച്ചു വരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ, സുരക്ഷിതമായ നടത്തത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയായിരുന്നു ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ടൗണിലെ പ്രധാന കവലകളിൽ ഗതാഗതം നിയന്ത്രിച്ച കേഡറ്റുകൾ, റോഡ് മുറിച്ചുകടക്കുന്നതിലും സീബ്രാലൈനുകൾ ഉപയോഗിക്കുന്നതിലും പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകി.
കരിങ്കുന്നം പോലീസ് സബ് ഇൻസ്പെക്ടർ സദാശിവൻ കുട്ടികൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി പരിപാടിക്ക് നേതൃത്വം നൽകി. റോഡ് നിയമങ്ങൾ പാലിക്കുന്നത് ഒരു ശീലമാക്കി മാറ്റണമെന്നും, കുട്ടിക്കാലം മുതൽക്കേ ലഭിക്കുന്ന ഇത്തരം അവബോധം ഭാവിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.













































































