ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവ്

പൂപ്പാറ കുളപ്പാറച്ചാൽ മുരിക്കുംതോട്ടി ഭാഗത്ത് വലിയകുന്നേൽ വീട്ടിൽ ബൈജു പത്രോസ് (48) -നെയാണ് തൊടുപുഴ അഡിഷണൽ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2016 ഡിസംബർ 26ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ബൈജുവും ഭാര്യ അജിമോളുമായി പിരിഞ്ഞ്, അജിമോൾ അടിമാലിയിലുള്ള സ്വഭവനത്തിൽ കഴിഞ്ഞുവരികയായിരുന്നു. 2016 ഡിസംബർ 24 ന് അജിമോൾക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അജിമോളുടെ അയൽവാസി പറഞ്ഞതനുസരിച്ച് അജിമോളുടെ വീട്ടിലെത്തിയ ബൈജു അജിമോളെ പറഞ്ഞുവിശ്വസിപ്പിച്ച് ക്രിസ്മസ് ആഘോഷിക്കാനായി സ്വന്തം വീട്ടിലേക്ക് തിരികെകൊണ്ട് പോവുകയായിരുന്നു. പിറ്റേ ദിവസം രാവിലെ ബാഗിന്റെ വള്ളി കഴുത്തിൽ കുരുക്കി അജിമോളെ കൊലപ്പെടുത്തിയ ബൈജു താൻ അജിമോളെ കൊലപ്പെടുത്തിയെന്ന് അയൽവാസിയോട് പറഞ്ഞശേഷം അടിമാലി പോലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റസമ്മതം നടത്തുകയാണുണ്ടായത്. എന്നാൽ കേസിന്റെ വിചാരണ മധ്യേപ്രതികുറ്റം നിഷേധിക്കുകയും അയൽവാസികളും വീട്ടിലുണ്ടായിരുന്നബന്ധുക്കളും കൂറുമാറുകയായിരുന്നു. ക്രോസ്സ് വിസ്താരമധ്യേ അജിമോളെ കൊന്നു എന്ന് ബൈജു പറഞ്ഞതായി അയൽവാസി സമ്മതിച്ചതും ബൈജുവും അജിമോളും രാത്രി ഒരുമിച്ച് ഒരേ മുറിയിലാണ് ഉറങ്ങിയതെന്ന് വീട്ടിലുള്ളവർ പറഞ്ഞതും കേസിൽ വഴത്തിരിവുണ്ടാക്കി. കൂടാതെ കൊലപാതകത്തിന് ഉപയോഗിച്ച ബാഗിന്റെ വള്ളിയിൽ നിന്ന് അജിമോളുടെ തലമുടിയുടെ ഭാഗം ലഭ്യമായതും കേസിൽ നിർണായകമായി.
ശാന്തൻപാറ പോലീസ് ഇൻസ്പെക്ടർമാരായിരുന്ന സി.ആർ പ്രമോദ് റ്റി.എ യുനുസ് എന്നിവർ അന്വേഷണം നടത്തിയ കേസിൽ സബ് ഇൻസ്‌പെക്ടർ ഷാജി, സിവിൽ പോലീസ് ഓഫീസർ റിൻസ് എന്നിവർ പ്രോസീക്യൂഷൻ സഹായികളായി.













































































