ഉപ്പുതറ ടൗൺഹാൾ നിർമാണം : ശിലയിട്ടിട്ട് മൂന്നുവർഷം; നിർമാണം തുടങ്ങിയില്ല
ഉപ്പുതറ : നിർമാണോദ്ഘാടനം കഴിഞ്ഞ് 40 മാസം കഴിഞ്ഞിട്ടും ഉപ്പുതറ പഞ്ചായത്ത് ടൗൺ ഹാളിന്റെ നിർമാണം തുടങ്ങിയില്ല.
രണ്ടര കോടി രൂപ ചെലവ് പ്രതീക്ഷിച്ച് ആയുർവേദ ആശുപത്രിക്കു സമീപമാണ് എല്ലാ സൗകര്യങ്ങളോടുംകൂടി ടൗൺഹാൾ നിർമിക്കാൻ പഞ്ചായത്ത് തീരുമാനം എടുത്തത്.
ഒന്നരകോടി രൂപ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ബാക്കിത്തുക മൂന്നുവർഷത്തെ പഞ്ചായത്തിന്റെ വാർഷിക വികസന ഫണ്ടിൽനിന്നും ലഭ്യമാക്കി മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കാനായിരുന്നു തീരുമാനം.
ആഘോഷപൂർവം നടത്തിയ ചടങ്ങിൽ 2018 മേയ് 26-ന് വൈദ്യുതി മന്ത്രി എം.എം. മണി നിർമാണം ഉദ്ഘാടനം ചെയ്തു. എം.പി., എം.എൽ.എ. തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
മൂന്നുവർഷംകൊണ്ട് പണി പൂർത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ 40 മാസം കഴിഞ്ഞിട്ടും നിർമാണം തുടങ്ങാൻ പോലുമായില്ല. പഞ്ചായത്തിന്റെ പദ്ധതിവിഹിതത്തിൽ ഒരു രൂപയെങ്കിലും വകയിരുത്താനോ, എം.എൽ.എ.ഫണ്ട് ലഭ്യമാക്കാനോ ഒരു നടപടിയും സ്വീകരിച്ചില്ല. അന്ന് സ്ഥാപിച്ച ശിലാഫലകത്തിനുചുറ്റും കാടുകയറി.
നാട്ടുകാർ കന്നുകാലികളെ കെട്ടുന്നത് ഈ ശിലാഫലകത്തിലാണ്. സംസ്ഥാനത്തെ ആദ്യ പഞ്ചായത്തുകളിൽ ഒന്നാണ്. ഉപ്പുതറയിൽ വിവാഹം, പൊതുപരിപാടികൾ, മറ്റ് ആഘോഷങ്ങൾ തുടങ്ങി ഒത്തുകൂടാനുള്ള സൗകര്യവുമൊന്നുമില്ല.
പുതിയ ഭരണസമിതി അധികാരത്തിൽവന്നിട്ടും ടൗൺഹാളിന്റെ കാര്യത്തിൽ ഒരുതീരുമാനവും ഇല്ല.