ഇടവേളയ്ക്ക് ശേഷം ജില്ലയില്‍ ഭൂ പ്രശ്‌നങ്ങള്‍ വീണ്ടും സജീവമാകുന്നു
കട്ടപ്പന: ഇടവേളയ്ക്ക് ശേഷം ജില്ലയില്‍ ഭൂ പ്രശ്‌നങ്ങള്‍ വീണ്ടും സജീവമാകുന്നു. 1964ലെയും 1993ലെയും ഭൂപതിവ് ചട്ടങ്ങളില്‍ കാലാനുസൃതമായ ഭേദഗതി വരുത്താത്തതിനെ വാണിജ്യാവശ്യത്തിനുള്ള കെട്ടിട നിര്‍മാണം ഉള്‍പ്പെടെ മുടങ്ങിക്കിടക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സംഘടനകളും സജീവ ചര്‍ച്ചയാക്കിയിരുന്നു. അധികാരത്തിലെത്തിയാല്‍ ഭൂ പ്രശ്‌നം പരിഹരിക്കുമെന്ന് യു.ഡി.എഫും ഭരണ തുടര്‍ച്ച ലഭിച്ചാല്‍ നിയമ ഭേദഗതി ഉണ്ടാകുമെന്ന് എല്‍.ഡി.എഫും പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനു പിന്നാലെ ഭരണ തുടര്‍ച്ച ലഭിച്ചിട്ടും ഭൂ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.
നിയമഭേദഗതി നീണ്ടു പോകുന്നത് ജില്ലയിലെ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ഷക കുടുംബങ്ങള്‍ക്കുമാണ് തിരിച്ചടിയാകുന്നത്. നിലവിലുള്ള നിയമ പ്രകാരം പതിച്ചു കിട്ടിയ ഭൂമി കാര്‍ഷികാവശ്യത്തിനും വീട് വയ്ക്കുന്നതിനും മാത്രമേ ഉപയോഗിക്കാന്‍ കഴിയു. കഴിഞ്ഞ 50 വര്‍ഷമായി പട്ടയഭൂമിയില്‍ നിര്‍മാണം നടത്തുന്നതിന് നിബന്ധനകളൊന്നും നിലനിന്നിരുന്നില്ല. ഇതനുസരിച്ചാണ് ജില്ലയുടെ വിവിവിധ ടൗണുകള്‍ കേന്ദ്രീകരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വന്നിരുന്നത്.
പിന്നീട് മൂന്നാര്‍ മേഖലയിലെ അനധികൃത കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് ചില പരിസ്ഥിതി സംഘടനകള്‍ കോടതിയെ സമീപിക്കുകയും മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള എട്ട് വില്ലേജുകളില്‍ നിര്‍മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയുമായിരുന്നു. എട്ട് വില്ലേജുകളില്‍മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഇടുക്കിയോടുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി ബൈസണ്‍വാലി സ്വദേശിനി കോടതിയില്‍ നല്‍കിയ ഹര്‍ജിയും ജില്ലയെ നിയമകുരുക്കിലേക്ക് നയിച്ചു. കേരളം മുഴുവനും നിയന്ത്രണം ബാധകമാക്കണമെന്ന കോടതി വിധിയുണ്ടായെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരിവെക്കുകയാണുണ്ടായത്. ഇതോടെ ഇപ്പോള്‍ വാണിജ്യ ആവശ്യത്തിന് പട്ടയഭൂമിയില്‍ യാതൊരുനിര്‍മ്മാണ പ്രവര്‍ത്തനവും നടത്താനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.
2019 ഡിസംബറില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ 1964,1993 ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വാണിജ്യ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസം നീക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഒപ്പം മൂന്നാറിന്റെ സംരക്ഷണത്തിനായി പ്രത്യേക നിര്‍മാണചട്ടങ്ങള്‍ ഉണ്ടാക്കണമെന്നും യോഗം തീരുമാനമെടുത്തിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി ഉള്‍പ്പെടെ അംഗീകരിച്ചിരുന്നുവെങ്കിലും പിന്നീട് നടപടികള്‍ ഉണ്ടായില്ല.
വിഷയത്തില്‍ ശ്വാശ്വത പരിഹാരം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും കര്‍ഷക സംഘടനകളും വീണ്ടും സമരത്തിനൊരുങ്ങുകയാണ്.