ശബരിമലയിലെ കട്ടിളപ്പാളി കടത്തലില്‍ കൂട്ടുത്തരവാദിത്തം; ശങ്കരദാസിനെയും വിജയകുമാറിനെയും വീണ്ടും വിളിപ്പിച്ച് SIT

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുൻ അംഗങ്ങള്‍ വീണ്ടും ചോദ്യമുനയിലേക്ക്. കെ പി ശങ്കരദാസിനെയും എന്‍ വിജയകുമാറിനെയും വീണ്ടും വിളിപ്പിച്ചു. റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ബോര്‍ഡ് തീരുമാനത്തില്‍ ഇരുവര്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് പത്മകുമാറിന്റെ മൊഴി. 2019ല്‍ ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അപേക്ഷയില്‍ ചര്‍ച്ച നടത്തിയപ്പോഴും ഉദ്യോഗസ്ഥരുടെ ഫയല്‍നീക്കവുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്തിയപ്പോഴും തന്നോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് അംഗങ്ങളും തന്നെ പിന്തുണക്കുകയായിരുന്നുവെന്നാണ് പത്മകുമാറിന്റെ മൊഴി.
മൊഴിയില്‍ വ്യക്തത തേടിയ ശേഷമായിരിക്കും തുടര്‍നടപടികള്‍. ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത പ്രത്യേക അന്വേഷണസംഘം തള്ളുന്നില്ല. കട്ടിളപ്പാളിയിലെ സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയും പ്രതിയാണ്.
കട്ടിളപ്പാളികള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേയും അംഗങ്ങളുടേയും അറിവോടെയാണ് പുറത്തുകൊണ്ടുപോയതെന്ന് പ്രത്യേക അന്വേഷണസംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി അപേക്ഷയിലും പരാമര്‍ശിച്ചിരുന്നു. 2019 മെയ് 18 നാണ് കട്ടിളപ്പാളികള്‍ അഴിച്ച് സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. അന്ന് പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കെ ടി ശങ്കര്‍ദാസും എന്‍ വിജയകുമാറും ബോര്‍ഡ് അംഗങ്ങളുമായിരുന്നു.
















































































































