ലഹരിക്കെതിരെയുള്ള ഇടുക്കി ജില്ലാ പോലീസിന്റെ പോരാട്ടത്തിന്റെ ഭാഗമായി നടത്തിയ ലഹരി വിരുദ്ധ സന്ദേശ മോട്ടോർ സൈക്കിൾ റാലി ചെറുതോണിയിൽ സമാപിച്ചു

ലഹരിക്കെതിരെയുള്ള ഇടുക്കി ജില്ലാ പോലീസിന്റെ പോരാട്ടത്തിന്റെ ഭാഗമായി, ജില്ലയിലുടനീളം യുവതീ-യുവാക്കളെ അണിനിരത്തി നടത്തിയ ലഹരി വിരുദ്ധ സന്ദേശ മോട്ടോർ സൈക്കിൾ റാലി ചെറുതോണിയിൽ സമാപിച്ചു.
നൂറുകണക്കിന് യുവ മനസ്സുകൾ ഒറ്റക്കെട്ടായി അണിനിരന്ന ഈ റാലി, സമൂഹത്തിന് ലഹരി വിരുദ്ധ സന്ദേശം പകർന്നുനൽകി, ജില്ലാ പോലീസിന്റെ ദൗത്യത്തിന് പിന്തുണയേകി.
എസ് പി സി കേഡറ്റ് ബാൻഡ് സെറ്റിന്റെ അകമ്പടിയോടെ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു ഐ പി എസ് ലഹരി വിരുദ്ധ റാലിയിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരെ സ്വീകരിക്കുകയും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
അഡിഷണൽ പോലീസ് സൂപ്രണ്ട് ഇമ്മാനുവൽ പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാജൻ കെ അരമന സ്വാഗതം ആശംസിച്ചു.
ഇടുക്കി സബ് കലക്ടർ അനൂപ് ഗാർഗ് ഐ എ എസ് ലഹരി വിരുദ്ധ സന്ദേശവും, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിജു കെ ആർ (ഡി.സി.ആർ.ബി) റാലിയുടെ സന്ദേശം നൽകുകയും ചെയ്തു. പ്രതികൂലമായ കാലാവസ്ഥയെ പോലും അവഗണിച്ചുകൊണ്ട് മൂന്നുദിവസമായി ജില്ലയിൽ നടത്തപ്പെട്ട ബൈക്ക് റാലിയിൽ പങ്കെടുത്ത റൈഡേഴ്സിന് പോലീസ് സഹകരണ സംഘം നൽകിയ ഉപഹാരം സമാപന യോഗത്തിൽ വച്ച് ജില്ലാ പോലീസ് മേധാവി കൈമാറുകയും അനുമോദിക്കുകയും ചെയ്തു.
സംസ്ഥാന സ്കൂൾ മീറ്റിൽ 100 മീറ്ററിൽ റെക്കോർഡ് നേടിയ കുമാരി. ദേവപ്രിയ ഷൈബു-വിന് ജില്ലാ പോലീസ് മേധാവി അനുമോദനവും ഉപഹാരവും നൽകി.
ദേവപ്രിയ ഷൈബു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ.മാത്യു ജോർജ് (നാർക്കോട്ടിക്ക് സെൽ), കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി എ നിഷാദ് മോൻ,ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ടോമി മാപ്പിളക്കാലയിൽ എന്നിവർ ആശംസകൾ അറിയിച്ചു.
വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെയും, പൈനാവ് എം ആർ എസ് സ്കൂളിലെയും എസ് പി സി കേഡറ്റുകളുടെ ലഹരി വിരുദ്ധ ഫ്ലാഷ് മോബും, ഇടുക്കി മെഡിക്കൽ കോളേജ് മെഡിക്കൽ വിദ്യാർഥികളുടെയും, വാഴത്തോപ്പ് ഗിരിജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളുടെയും നൃത്തവും സമാപന സമ്മേളനത്തിന്റെ മാറ്റുകൂട്ടി.
റാലി ക്യാപ്റ്റൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സെക്രട്ടറി സനൽ കുമാർ സമാപന സമ്മേളനത്തിന് കൃതജ്ഞത അർപ്പിച്ചു.









































































