തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കും ഇടുക്കി ജില്ലയോടുള്ള വിവേചനത്തിനുമെതിരെ മലയോര ജനത ചുട്ട മറുപടി നൽകുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി

അഞ്ചു വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ നിർമ്മാണ നിരോധനം പിൻവലിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകിയ മുഖ്യമന്ത്രിയുടെ വാഗ്ദാന ലംഘനത്തിനെതിരെയുള്ള ജനരോഷം തെരഞ്ഞെടുപ്പിൽ പ്രകടമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അർഹതപ്പെട്ട വികസന പ്രവർത്തനങ്ങൾക്കുള്ള പണം വെട്ടിക്കുറച്ച് ഗ്രാമീണ വികസനം അട്ടിമറിച്ച സർക്കാരിനെതിരെയുള്ള വിധിയെഴുത്തിനുള്ള അവസരമാണ് സംജാതമായിരിക്കുന്നത്. ഭൂപ്രശ്നങ്ങൾ സങ്കീർണ്ണമാക്കി ജനജീവിതം ദുസ്സഹമാക്കിയ സർക്കാരാണ് അധികാരത്തിലിരിക്കുന്നത്. നിയമാനുസൃതം നടത്തിയിട്ടുള്ള നിർമ്മിതികൾ നിയമവിരുദ്ധമാണെന്നും നിർമ്മാണങ്ങൾ ക്രമവൽക്കരിക്കണമെന്നുമുള്ള ഭൂപതിവ് ചട്ട ഭേദഗതിയിലൂടെ മലയോര ജനതയെ അപമാനിച്ച സർക്കാരിനെതിരെയുള്ള വിധിയെഴുത്തുണ്ടാകും. നിർമ്മാണ നിരോധനം മൂലം ഒരു പെട്ടിക്കടയുടെ നിർമ്മാണത്തിനുപോലും അനുമതി ലഭിക്കാതെ കഴിഞ്ഞ ആറു വർഷമായി വികസന പ്രവർത്തനങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടി ഇടതുപക്ഷം നടത്തുന്ന നുണപ്രചരണ ജാഥകളുടെ പൊള്ളത്തരം ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. നോമിനേഷൻ സമർപ്പണം ആരംഭിക്കുന്നതിനു മുൻപ് യുഡിഎഫ് സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കി സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. യുഡിഎഫ് കൂടുതൽ ഐക്യത്തോടും കെട്ടുറപ്പോടുംകൂടി തിരഞ്ഞെടുപ്പിനെ നേരിടും. മലയോര ജനതയോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കും വിവേചനത്തിനുമെതിരെ, ജനങ്ങൾക്ക് സംരക്ഷണവും ആത്മവിശ്വാസവും നൽകുന്ന യുഡിഎഫിനോടൊപ്പമായിരിക്കും മലയോര ജനതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.









































































