നന്നാക്കാൻ നടപടിയില്ല; റോഡ് തകർന്നിട്ട് രണ്ട് വർഷം
പ്രിൻകോസ് ജംഗ്ഷനിൽ നിന്ന് ഇടുക്കിക്കവല ബൈപാസിലേക്കുള്ള റോഡ് തകർന്നിട്ട് രണ്ട് വർഷം പിന്നിട്ടു.ടാറിങ് തകർന്ന് രൂപപ്പെട്ട വലിയ കുഴികളിൽ വാഹനങ്ങൾ കുടുങ്ങി അപകടം സംഭവിക്കുന്നത് പതിവുസംഭവമാണ്. ദിവസേന ചെറുതും വലുതുമായ നൂറുകണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന ലിങ്ക് റോഡിനാണ് ഈ ദുരവസ്ഥ.നിരവധി തവണ അധികൃതരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയുമില്ലെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം ഇതുവഴിയെത്തിയ ബൈക്ക് യാത്രികന് അപകടത്തിൽപ്പെട്ട് പരിക്കേറ്റിരുന്നു.പരുക്കേറ്റ ബൈക്ക് യാത്രികനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. മാത്രമല്ല കാർ അടക്കമുള്ള വാഹനങ്ങൾ കുഴിയിൽ അകപ്പെടുന്നതോടെ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെടുന്നത്. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് ബൈപാസ് റോഡിൽ എത്താനാകുമെന്നതിനാൽ കാൽനട യാത്രികരും ഇരുചക്ര വാഹന യാത്രികരുമാണ് ഇതുവഴി കൂടുതലായി സഞ്ചരിക്കുന്നത്. വീതി കുറഞ്ഞ, കുത്തിറക്കമുള്ള പാതയാണിത്. ഒരേസമയം ഇരുവശങ്ങളിലേക്കും വാഹനങ്ങൾക്ക് ഇതുവഴി സഞ്ചരിക്കാൻ ഏറെ ബുദ്ധിമുട്ടാണ്. ഇതിനൊപ്പം റോഡിലെ ടാറിങ് തകരുക കൂടി ചെയ്തതോടെ യാത്രാദുരിതം ഇരട്ടിയായി. ടാറിങ് തകർന്ന് വലിയ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. ചെറുവാഹനങ്ങളിൽ എത്തുമ്പോൾ കുഴിയുടെ ആഴം മനസ്സിലാക്കാൻ കഴിയാതെ വരുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. ഈ റോഡിന്റെ ഭാഗത്ത് ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അതിനാൽ റോഡിലെ കുഴിയടച്ച് അപകടാവസ്ഥ ഒഴിവാക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.













































































