ഇടുക്കി ഡാമില്‍ സന്ദര്‍ശക നിയന്ത്രണം ഒഴിവാക്കും; കാല്‍നട യാത്രക്കാര്‍ക്കും അനുമതിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം:ഇടുക്കി ഡാമിലേക്കുള്ള സന്ദര്‍ശക നിയന്ത്രണം ഒഴിവാക്കുന്നതിന് തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കി മണ്ഡലത്തില്‍ കെഎസ്ഇബിയുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ഈ മാസം മൂന്നിന് വിദഗ്ധ സംഘത്തോടൊപ്പമുള്ള സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് വൈദ്യുതി മന്ത്രിയുമായും കെഎസ്ഇബി ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രി റോഷി യോഗം ചേര്‍ന്നത്. അടുത്ത മാസം ആദ്യം തന്നെ ഇടുക്കി ഡാം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. നിലവില്‍ ബഗ്ഗി കാറില്‍ ദിവസം 800 പേര്‍ക്ക് മാത്രമാണ് സന്ദര്‍ശനം അനുവദിക്കുന്നത്. നിയന്ത്രണം ഒഴിവാക്കി കാല്‍നടയായും സന്ദര്‍ശകരെ അനുവദിക്കണമെന്ന മന്ത്രിയുടെ നിര്‍ദേശം യോഗത്തില്‍ അംഗീകരിച്ചു.













































































