ആനച്ചാലിൽ നിന്നു മൂന്നാറിലെത്താൻ ഇപ്പോൾ വേണ്ടത് രണ്ടര മണിക്കൂർ, നേരത്തെ 25 മിനിറ്റ്: രാത്രിയും സ്തംഭിച്ച് മൂന്നാർ

വിനോദസഞ്ചാര സീസൺ ആരംഭിച്ചതോടെ ഗതാഗതക്കുരുക്കിൽ മുങ്ങി ആനച്ചാൽ, മൂന്നാർ മേഖലകൾ. ആനച്ചാൽ, ആൽത്തറ എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണത്തിനായി പൊലീസ് ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഗതാഗത സ്തംഭനം പതിവായി. മലയിടിച്ചിലിനെ തുടർന്ന് ദേശീയപാത വഴിയുള്ള ഗതാഗതം നിരോധിച്ചതോടെ കഴിഞ്ഞ ഒരു മാസമായി ചരക്കു വാഹനങ്ങളുൾപ്പെടെ മുഴുവൻ വാഹനങ്ങളും ആനച്ചാൽ വഴിയാണ് മൂന്നാറിലേക്കു പോകുന്നത്. ഇതോടെയാണ് ആനച്ചാൽ, ആൽത്തറ എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായത്. തോക്കുപാറ, ശങ്കുപ്പടി എന്നിവിടങ്ങളിലെ എസ് വളവുകളിൽ സഞ്ചാരികളുമായെത്തുന്ന വലിയ മൾട്ടി ആക്സിൽ ബസുകളും ചരക്കു ലോറികളും കുടുങ്ങുന്നതും ഗതാഗതക്കുരുക്കിനു കാരണമാകാറുണ്ട്.
ഗതാഗതക്കുരുക്ക് രൂക്ഷമായ ആനച്ചാലിലും ആൽത്തറയിലും ഗതാഗതം നിയന്ത്രിക്കാനായി പൊലീസ് ഇല്ലാത്തതിനാൽ തോന്നുംപടിയാണ് വാഹനങ്ങൾ പോകുന്നതും പാർക്ക് ചെയ്യുന്നതും. ഇതുകൂടാതെ ചിത്തിരപുരം രണ്ടാം മൈൽ, ഹെഡ് വർക്സ് ഡാം മുതൽ ടൗൺ, ബൈപാസ് റോഡ്, മാട്ടുപ്പെട്ടി റോഡ്, ദേവികുളം റോഡ്, മറയൂർ റോഡ് എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മുൻപ് 25 മിനിറ്റുകൊണ്ട് ആനച്ചാലിൽ നിന്നു മൂന്നാറിലെത്തിയിരുന്ന സ്ഥാനത്ത്, ഇപ്പോൾ രണ്ടര മണിക്കൂറിലധികം സമയമാണ് യാത്ര ചെയ്യാൻ വേണ്ടിവരുന്നത്. മിക്ക ബസ് സർവീസുകളും സമയത്ത് ഓടിയെത്തുന്നില്ല. സർക്കാർ ഉദ്യോഗസ്ഥരടക്കം മണിക്കൂറുകൾ താമസിച്ചാണ് ജോലിസ്ഥലങ്ങളിലെത്തുന്നത്.








































































































































