കോട്ടയത്തുനിന്ന് കാണാതായ സ്ത്രീ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍; അഴുകിയ മൃതദേഹം റോഡരികിലെ താഴ്ചയിൽ

കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിൻ്റെ മൃതദേഹമാണ് ഇടുക്കി കരിമണ്ണൂർ ചെപ്പുക്കുളത്തെ റോഡരികിലെ താഴ്ചയിൽനിന്ന് കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ജെസിയുടെ ഭർത്താവ് സാം കെ. ജോർജ്(54) പോലീസ് കസ്റ്റഡിയിലാണ്. ജെസിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമികനിഗമനം.സെപ്റ്റംബർ 26 മുതലാണ് ജെസി സാമിനെ കുറവിലങ്ങാട്ടുനിന്ന് കാണാതായത്. 26-ന് വിദേശത്തുള്ള മകനുമായി ഇവർ ഫോണിൽ സംസാരിച്ചിരുന്നു. ഇതിനുശേഷം ഇവരെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെ സെപ്റ്റംബർ 29-ന് ജെസിയെ കാണാനില്ലെന്ന് പോലീസിൽ പരാതിയെത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ ജെസിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തതോടെയാണ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചെന്ന് വെളിപ്പെടുത്തിയത്.
ഭർത്താവ് നൽകിയ മൊഴിയനുസരിച്ച് കരിമണ്ണൂരിലെ റോഡരികിൽ വെള്ളിയാഴ്ച പരിശോധന നടത്തിയതോടെ അഴുകിയനിലയിൽ ഒരു മൃതദേഹവും കണ്ടെത്തി. ഇത് ജെസിയുടേതാണെന്നാണ് നിഗമനം. സെപ്റ്റംബർ 26-നാണ് പ്രതി കൃത്യം നടത്തിയതെന്നാണ് വിവരം. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെപ്പുക്കുളം ചക്കുരംമാണ്ടി ഭാഗത്ത് എത്തിച്ച് റോഡരികിൽനിന്ന് 30 അടിയോളം താഴ്‌ചയിലേക്ക് തള്ളുകയായിരുന്നു. ഇവിടെ ജനവാസമില്ലാത്ത മേഖലയാണ്.
ജെസിയും ഭർത്താവും തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായാണ് പോലീസിൽനിന്നുള്ളവിവരം. ഒരുവീട്ടിലാണ് താമസമെങ്കിലും ഇവർ അകന്നുകഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചനക്കേസും നടന്നുവരികയാണ്. വിവാഹമോചന കേസിൽ ജെസിക്ക് അനുകൂലമായി വിധി വരുമെന്നാണ് ഭർത്താവ് കരുതിയത്. ഇതോടെയാണ് ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും കരുതുന്നു. ജെസിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് ജെസി കുറവിലങ്ങാട്ടെ വീട്ടിൽ താമസിച്ചിരുന്നത്.
















































































































